വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ആയുര്‍വ്വേദ പെയിന്‍ & പാലിയേറ്റീവ് വയോജന പരിചരണ മാതൃകാ പദ്ധതി തുടങ്ങി. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ആയുര്‍വ്വേദ ഔഷധങ്ങളും യോഗ, ഫിസിയോതെറാപ്പി സേവനങ്ങളും നല്‍കുന്ന പ്രൈമറി പാലിയേറ്റീവ് കെയറും അര്‍ഹരായ രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്ന സെക്കണ്ടറി പാലിയേറ്റീവ് കെയറും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.00 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവെച്ചു. സമഗ്ര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സാക്രിയാക്രമങ്ങളും, യോഗാ തെറാപ്പിയും, ഫിസിയോതെറാപ്പി ചികിത്സയും ഉള്‍പ്പെടത്തി. ഇതിനായി ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലെ 100 ബെഡുകളില്‍ 10 എണ്ണം നീക്കിവെക്കും.

പ്രായാധിക്യം മൂലമോ വിവിധ രോഗങ്ങള്‍ മൂലമോ ദീര്‍ഘകാല ചികിത്സയും പരിചരണവും ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായവവും ആവശ്യമുള്ള രോഗികള്‍ക്കായി ആയുര്‍വ്വേദ ചികിത്സാ രീതിയിലൂടെ വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണം നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദഗ്ദ്ധ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സേവനം , നഴ്സിംഗ് പരിചരണം, ആയുര്‍വ്വേദ മരുന്നുകള്‍, പഞ്ചകര്‍മ്മ, യോഗ ചികിത്സകള്‍ , ഫിസിയോതെറാപ്പി എന്നിവ കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ച് കിടത്തി ചികിത്സയും, തുടര്‍ പരിചരണത്തിന് ഹോം കെയര്‍ വഴിയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നത്ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നു.

സമഗ്ര പെയിന്‍ & പാലിയേറ്റീവ് പരിചരണത്തിനായി ആയുര്‍വ്വേദ വകുപ്പിലെ ജീവനക്കാര്‍ക്ക് വിദഗ്ദ്ധ പരിശീലന ക്ലാസ്സുകള്‍ നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ എം മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. പ്രീത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ തമ്പി, സീത വിജയന്‍, മെമ്പര്‍മാരായ മീനാക്ഷി രാമന്‍, കെ ബി നസീമ, എന്‍ സി പ്രസാദ്, എച്ച് എം സി മെമ്പര്‍മാരായ മാത്യു, റസാഖ് കല്‍പ്പറ്റ, സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ഡോ. എ.വി. സാജന്‍, ഡോ. ജി.അരുണ്‍കുമാര്‍ ജ, ഡോ. കെ.ദിവ്യ എന്നിവര്‍ സംസാരിച്ചു.