- ജില്ലയില്‍ കാലത്തീറ്റ ഉത്പാദനം വര്‍ദ്ധിപ്പിക്കണം
- പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണം
- റോഡ് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കണം
- അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം
കര്‍ണ്ണാടകയില്‍ നിന്നുള്ള ചോളത്തണ്ട് നിയന്ത്രണം വയനാട് ജില്ലയിലെ ക്ഷീരകാര്‍ഷിക മേഖലയെ സാരമായി ബാധിക്കുകയാണെന്നും ഇതിന് ബദല്‍ പരിഹാരം കാണണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.
റോഡ് നിര്‍മ്മാണം അപാകങ്ങള്‍ പരിഹരിക്കണം
ജില്ലയിലെ വിവിധ റോഡ് നിര്‍മ്മാണങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. കാരാപ്പുഴ വാഴവറ്റ റോഡുനിര്‍മ്മാണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും റോഡ് എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള നിര്‍മ്മാണ പുരോഗതികള്‍ പൊതുമരാമത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു.
ഗതാഗതകുരുക്കുകള്‍ നടപടിവേണം
കല്‍പ്പറ്റ നഗരത്തിലെയും സുല്‍ത്താന്‍ ബത്തേരി ചുങ്കം കവലിയിലെയും ഗതാഗതകുരുക്കുകള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കല്‍പ്പറ്റ നഗരത്തില്‍ പകല്‍ സമയങ്ങളില്‍ പോലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധമുട്ട് നേരിടുന്നതായും ടി.സിദ്ദിഖ് എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നഗരസഭ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തിയതായും എന്നാല്‍ ഇതു നടപ്പാക്കാന്‍ പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും പിന്തുണ വേണമെന്നും പറഞ്ഞു . ഇക്കാര്യത്തില്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സുല്‍ത്താന്‍ബത്തേരി ചുങ്കം കവലയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ടൗണ്‍പ്ലാനിങ്ങ് ഓഫീസര്‍ യോഗത്തെ അറിയിച്ചു.
ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിച്ചു. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ബ്ലോക്ക്തല ഫെല്ലോകള്‍ക്കുള്ള നിയമന ഉത്തരവ് ചടങ്ങില്‍ കൈമാറി.