നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനും നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ തൃശൂര്‍ ഒരുങ്ങി. 13 നിയോജക മണ്ഡലങ്ങളിലായുള്ള നവകേരള സദസ്സിന് ജില്ലയില്‍ നാളെ (ഡിസംബര്‍ 4) മുതല്‍ തുടക്കമാവും. ഡിസംബര്‍ 7 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ആദ്യ മൂന്ന് ദിനങ്ങളില്‍ നാല് മണ്ഡലങ്ങളിലും ഡിസംബര്‍ ഏഴിന് ഒരു മണ്ഡലത്തിലുമാണ് പര്യടനം നടത്തുക. അത്താണി, തൃശൂര്‍ കേന്ദ്രമായി രണ്ട് പ്രഭാത സദസ്സുകള്‍ ഉള്‍പ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക.
ഡിസംബര്‍ 4ന് അത്താണി കിലയില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 11ന് ചെറുത്തുരുത്തി ജി എച്ച് എസ് എസ് മൈതാനിയില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ്സ് എം ജി കാവ് ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി ഒ.പി ഗ്രൗണ്ടിലും 4.30 ന് കുന്നംക്കുളം മണ്ഡലം സദസ്സ് ചെറുവത്തൂര്‍ ഗ്രൗണ്ടിലും വൈകിട്ട് ആറിന് ഗുരുവായൂര്‍ മണ്ഡലം ജനസദസ്സ് ചാവക്കാട് ബസ് സ്റ്റാന്‍ഡിലെ കൂട്ടുങ്ങല്‍ ചത്വരത്തിലും നടക്കും.
ഡിസംബര്‍ 5ന് രാവിലെ ഒമ്പതിന് തൃശൂര്‍ ദാസ് കോന്റിനെന്റില്‍ പ്രഭാത സദസ്സ് നടക്കും. മണലൂര്‍ നവകേരള സദസ്സ് രാവിലെ 11ന് പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസില്‍ നടക്കും. നാട്ടിക മണ്ഡലം സദസ്സ് വൈകിട്ട് മൂന്നിന് തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപവും ഒല്ലൂര്‍ മണ്ഡലം സദസ്സ് വൈകിട്ട് 4.30ന് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടിലും തൃശൂര്‍ മണ്ഡലം സദസ്സ് വൈകിട്ട് ആറിന് തേക്കിന്‍ക്കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറിലും നടക്കും.
ഡിസംബര്‍ 6ന് രാവിലെ 11ന് കയ്പമംഗലം മണ്ഡലം നവകേരള സദസ്സ് എസ് എന്‍ പുരം എം ഇ എസ് അസ്മാബി കോളജിലും കൊടുങ്ങല്ലൂര്‍ മണ്ഡലം സദസ് വൈകീട്ട് മൂന്നിന് മാള സെന്റ് ആന്റണീസ് സ്‌കൂള്‍ മൈതാനിയിലും നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വൈകിട്ട് 4.30ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൗണ്ടിലും പുതുക്കാട് നിയോജകമണ്ഡലം സദസ്സ് വൈകിട്ട് ആറിന് തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടക്കും.
ഡിസംബര്‍ ഏഴിന് രാവിലെ 11 ന് ചാലക്കുടി നിയോജകമണ്ഡലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിയോടെ ജില്ലയിലെ നവകേരള സദസ്സ് പര്യടനത്തിന് സമാപനമാകും. പരിപാടികളില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 20 ഓളം കൗണ്ടറുകള്‍
നവകേരള സദസ്സില്‍ നിവേദനങ്ങള്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഓരോ സദസ്സിലും 20 ഓളം കൗണ്ടറുകള്‍ ഒരുക്കും. ജനറല്‍ കൗണ്ടറുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങും. അവസാന പരാതിയും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കൂ.
കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനും വൊളന്റിയര്‍മാരെ നിയോഗിക്കും. മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നിവേദനം നല്‍കുന്നവര്‍ കൃത്യമായി ഉള്‍പ്പെടുത്തണം. പരാതി സ്വീകരിച്ച ശേഷം ലഭിക്കുന്ന കൈപ്പറ്റ് രസീത് ഉപയോഗിച്ചാണ് തുടര്‍നടപടികള്‍ അറിയുക.
ജില്ലാതല ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം കൈക്കൊണ്ട് അപേക്ഷകര്‍ക്ക് മറുപടി നല്‍കണം. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. നിവേദനങ്ങളുടെയും പരാതികളുടെയും തല്‍സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.
വികസന ചര്‍ച്ച, അഭിപ്രായ സ്വരൂപണം; തൃശൂരില്‍ രണ്ട് പ്രഭാത സദസ്സുകള്‍
ജില്ലയുടെ വികസനത്തിന് ആവശ്യമായ കാര്യങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനും രണ്ട് പ്രഭാത സദസ്സുകളാണ് ജില്ലയില്‍ നടക്കുന്നത്. പ്രഭാത സദസ്സുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ- യുവജന -വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, അംഗീകാരം നേടിയവര്‍, സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇവരുമായി സംവദിച്ച് സര്‍ക്കാറിന്റെ വികസന നയ രൂപീകരണത്തിലേക്ക് അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം.
ഡിസംബര്‍ നാലിന് രാവിലെ ഒമ്പതിന് അത്താണി കിലയിലാണ് ജില്ലയിലെ ആദ്യ പ്രഭാത സദസ്സ് നടക്കുക. ചേലക്കര, കുന്നംക്കുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങളിലുള്ളവരാണ് ഇവിടെ നടക്കുന്ന പ്രഭാത സദസ്സില്‍ പങ്കെടുക്കുക. ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പതിന് തൃശൂര്‍ ദാസ് കോന്റിനെന്റില്‍ നടക്കുന്ന സദസ്സില്‍ നാട്ടിക, കയ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂര്‍, തൃശൂര്‍, ഒല്ലൂര്‍, ചാലക്കുടി, മണലൂര്‍, ഇരിങ്ങാലകുട മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും.