നവകേരള സദസ്സിന്റെ വേദികളില്‍ പരിപാടി നടക്കുന്നതിന് മുന്നോടിയായും ശേഷവും വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ ചെറുത്തുരുത്തി ജി എച്ച് എസ് എസ് ഗ്രൗണ്ടില്‍ ഡിസംബര്‍ നാലിന് രാവിലെ 11നാണ് നവകേരള സദസ്സ് നടക്കുക. പരിപാടിക്ക് മുന്നോടിയായി രാവിലെ 9 ന് ഒ.എന്‍.വിയുടെ ‘അമ്മ’ കവിതയെ ആധാരമാക്കിയ സംഗീതശില്പം കലാമണ്ഡലം അവതരിപ്പിക്കും.
9.30 ന് പടച്ചോന്റെ ചോറ് നാടകം തൃശൂര്‍ നാടക സൗഹൃദം അരങ്ങേറും. 10 മണിക്ക് ആറങ്ങോട്ടുകര പെണ്‍ കൂട്ടായ്മ മരംകൊട്ട് പാട്ട് അവതരിപ്പിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിനാണ് വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സ്. എം.ജി കാവ് ഒ.പി ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തേക്കിന്‍കാട് ബാന്റും ആട്ടം കലാസമിതിയും ചേര്‍ന്നൊരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍, ഡബ്ബ ബീറ്റ് ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവ നടക്കും.
കുന്നംക്കുളത്ത് വൈകീട്ട് 4.30നാണ് സദസ്. വേദിയായ ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2 ന് പോര്‍ക്കുളം ടീമിന്റെ തിരുവാതിര, തുടര്‍ന്ന് മലബാര്‍ മ്യൂസിക് ബാന്റ് സംഗീതനിശ എന്നിവ അരങ്ങേറും. ചാവക്കാട് ബസ് സ്റ്റാന്‍ഡ് കൂട്ടുങ്ങല്‍ ചത്വരത്തില്‍ വൈകീട്ട് ആറിന് നടക്കുന്ന ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വൈകിട്ട് 4.30ന് പഞ്ചവാദ്യം, 5ന് മാപ്പിളപ്പാട്ട്, പരിപാടിക്ക് ശേഷം രാത്രി 8 മുതല്‍ ചേര്‍ത്തല രാജേഷ് നയിക്കുന്ന ഫ്‌ളൂട്ട് ഫ്യൂഷന്‍ അവതരിപ്പിക്കും.
രണ്ടാം ദിവസമായ ഡിസംബര്‍ അഞ്ചിന് മണലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് രാവിലെ 11ന് പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസിലാണ് നടക്കുക. നാടന്‍പാട്ട്, നൃത്താവിഷ്‌കാരം, കൈകൊട്ടിക്കളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ അരങ്ങേറും. തൃപ്രയാര്‍ ഗ്രൗണ്ടില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന നാട്ടിക മണ്ഡലം സദസ്സിന് മുന്നോടിയായി ഉച്ചയ്ക്ക് ഒന്നിന് ധ്വനി മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീതം, 1.30 ന് ഗോപിക നന്ദന ആന്‍ഡ് ടീമിന്റെ നൃത്താവിഷ്‌കാരം, രണ്ട് മണിക്ക് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന മേളം എന്നിവ അരങ്ങേറും.
വൈകിട്ട് 4.30ന് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടില്‍ നടക്കുന്ന ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് 3 ന് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ നയിക്കുന്ന ഷോ അരങ്ങേറും. വൈകീട്ട് ആറിനാണ് തൃശൂര്‍ മണ്ഡലം നവകേരള സദസ്സ്. തേക്കിന്‍ക്കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചതിരിഞ്ഞ് 3 മുതല്‍ നന്ദഹാസം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരവിജയികല്‍ക്കുള്ള സമ്മാന വിതരണം, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം ഡാന്‍സ് ഫ്യൂഷന്‍, ജനനയനയുടെ നാടന്‍പ്പാട്ട്, രാത്രി 8.30 ന് തൃശൂര്‍ മെലഡി വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
ഡിസംബര്‍ 6ന് രാവിലെ 11ന് കയ്പമംഗലം മണ്ഡലം നവകേരള സദസ്സ് എസ് എന്‍ പുരം എം ഇ എസ് അസ്മാബി കോളജില്‍ നടക്കും. പരിപാടിക്ക് മുമ്പും ശേഷവും കലോത്സവത്തില്‍ എ പ്ലസ് നേടിയ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സ്വാഗത ഗാനം, ചേണ്ടമേളം തുടങ്ങിയ കലാപരിപാടികള്‍ നടക്കും. കൊടുങ്ങല്ലൂര്‍ മണ്ഡലം സദസ് നടക്കുന്ന മാള സെന്റ് ആന്റണീസ് സ്‌കൂള്‍ മൈതാനിയില്‍ കൈക്കൊട്ടി കളി, ഭരതനാട്യം, നാടന്‍ പാട്ട്, വയോജനങ്ങളുടെ നാടകം, ഭിന്നശേഷിക്കാരുടെ പാട്ടുകള്‍, കരിങ്കാളി ടീമിന്റെ നാടന്‍ പാട്ട്, മൃദംഗം അവതരണം, ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാന അവതരണം എന്നിവ നടക്കും.
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വൈകിട്ട് 4.30ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിക്ക് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമുതല്‍ എടപ്പാള്‍ വിശ്വനാഥും ഫിറോസ് ബാബുവും ചേര്‍ന്ന് നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും. വൈകിട്ട് ആറിന് തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പുതുക്കാട് നിയോജകമണ്ഡലം സദസ്സിന് മുന്നോടിയായി വൈകിട്ട് 3.30 മുതല്‍ വിവിധ പഞ്ചായത്തുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
ചാലക്കുടി മണ്ഡലത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കാര്‍മല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് മുന്നോടിയായി രാവിലെ 9 മുതല്‍ അതിരപ്പിള്ളിയിലെ ആദിവാസി വിഭാഗത്തിന്റെ തനത് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടക്കും.