കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് തൃശൂർ ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗം സമ്പന്നമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് മുളങ്കുന്നത്തുകാവ് കിലയിലാണ് ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260ഓളം വ്യക്തികളെ പങ്കെടുപ്പിച്ച് പ്രഭാത യോഗം ചേർന്നത്.
ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ, ചലച്ചിത്ര ഗാനരചയിതാക്കളായ ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ, ബഥനി എജുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് മാനേജർ ഫാദർ ബെഞ്ചമിൻ, കായികതാരം ഏഷ്യൻ മെഡൽ ജേതാവ് എൻ ബി ഷീന, വ്യവസായ പ്രമുഖൻ ജോയ് ആലുക്ക, സമസ്ത ജില്ലാ പ്രസിഡൻറ് താഴായ മുഹമ്മദ് കുട്ടി മുസ്‌ലിയാർ, എഴുത്തുകാരി മാനസി, കലാമണ്ഡലം കൃഷ്ണകുമാർ, ഫാദർ ബാബു (യാക്കോബായ സഭ), എസ്‌വൈഎസ് സംസ്ഥാന നേതാവ് എം എം ഇബ്രാഹിം, ചലച്ചിത്രസംവിധായകൻ ഒമർ ലുലു തുടങ്ങിയവർ അതിഥികളായി. എംഎൽഎമാരായ മന്ത്രി കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, മുൻ എം പി പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം കെ കണ്ണൻ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിവർ സംബന്ധിച്ചു.
സിനിമ നാടക രംഗത്ത് പ്രവർത്തിക്കുന്ന ഗാനരചയിതാക്കളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്ന് ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണൻ അഭ്യർത്ഥിച്ചു. സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി മുഖേന സഹായങ്ങൾ ലഭ്യമാക്കണം. കൂടാതെ കുന്നംകുളം മണ്ഡലത്തിൽ കലാമണ്ഡലത്തിന്റെ സബ് സെന്റർ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലത്തിന്റെ ഭാവി വികസന ചർച്ചകളിൽ ഇക്കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
നിശബ്ദതയുടെ ലോകത്ത് നിന്നും തന്നെ മോചിപ്പിച്ച സർക്കാരിനോട് ഗുരുവായൂർ സ്വദേശി നന്ദന നന്ദി പറഞ്ഞു. തനിക്ക് ശ്രവണ സഹായി ലഭ്യമാക്കിയതിനും കുടുംബത്തിന് ബി പി എൽ കാർഡ് അനുവദിച്ചതിനും മുഖ്യമന്ത്രിയോട് നേരിട്ടാണ് നന്ദന നന്ദി അറിയിച്ചത്.
വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ കൂട്ടത്തോടെ പോകുന്നതിൽ അത്രയധികം വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് കാലത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ നിന്ന് വൻ തോതിൽ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ചേലക്കര ജ്യോതി എൻജിനീയറിംഗ് കോളജിലെ അക്കാദമിക വിഭാഗം മേധാവി ഫാദർ ജോസ് കണ്ണമ്പുഴയാണ് വിഷയം ഉന്നയിച്ചത്. പഠിക്കുന്ന കാലത്ത് തന്നെ തുടർപഠനം എവിടെ വേണമെന്ന് വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന കാലമാണ്. അതേസമയം മറുവശത്ത് ഉന്നത വിദ്യാഭ്യാസ മേഖല സർക്കാർ ശാക്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്തു നിന്നുള്ള വിദ്യാർഥികളെ ഇങ്ങോട്ടും ആകർഷിക്കുകയാണ് ലക്ഷ്യം. അതിനായി ഇന്റർനാഷണൽ ഹോസ്റ്റൽ അടക്കമുള്ളവ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുന്നയൂർക്കുളത്ത് 1500 കർഷകർ ഏർപ്പെട്ടിരിക്കുന്ന രാമച്ച കൃഷിയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു പുന്നയൂർക്കുളം രാമച്ച കർഷക സംഘം പ്രസിഡന്റ് മോഹനൻ കറുത്തേടത്തിന്റെ ആവശ്യം. രാമച്ചത്തെ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.