കേൾവിയുടെ പുതുലോകത്തെത്തിയ നന്ദന ഏറെ ആത്മവിശ്വാസത്തോടെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. നിശബ്ദതയിൽ നിന്ന് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ സഹായിച്ച സർക്കാരിനുള്ള നന്ദിയും മുഖ്യമന്ത്രിയോട് രേഖപ്പെടുത്തി.

കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെയാണ് കേൾവി പരിമിതി നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശിനി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് ശ്രവണ സഹായി നൽകിയത്. നിസ്സഹായാവസ്ഥയും ജീവിത സാഹചര്യവും അടുത്തറിഞ്ഞതോടെ റവന്യു ഭവന നർമ്മാണ വകുപ്പ് മന്ത്രി കെ രാജനും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും ഉറപ്പ് നൽകുകയായിരുന്നു. സർക്കാരും ജില്ലാ ഭരണകൂടവും മണപ്പുറം ഫൗണ്ടേഷനും കൈകോർത്തപ്പോൾ നന്ദനയുടെ പുത്തൻ പ്രതീക്ഷകൾക്കാണ് ചിറക് ലഭിച്ചത്.

ഗുരുവായൂർ ലിറ്റിൽ ഫ്‌ലവർ കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദനയ്ക്ക് ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്നു. അമ്മ കാൻസർ ബാധിത കൂടിയാണ്. മകൾക്ക് ശ്രവണസഹായി വാങ്ങുക എന്നത് അച്ഛൻ ബിനുവിന്റെ വലിയൊരു സ്വപ്നമായിരുന്നു. ചായക്കട നടത്തിയാണ് അച്ഛൻ ബിനു കുടുംബം പുലർത്തിയിരുന്നത്. കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സാ ചെലവും വീട്ടുകാര്യങ്ങളും ബിനു കൂട്ടിമുട്ടിച്ചിരുന്നത് ഏറെ പ്രയാസത്തോടെയായിരുന്നു. സർക്കാരിന്റെ കരുതലോടെ 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായിയാണ് നന്ദനക്ക് നൽകിയത്.

അനിയൻ നിവേദിന്റെയും അച്ഛൻ ബിനുവിന്റെയും അമ്മ സന്ധ്യയുടെയും കൂട്ടുകാരുടെയും ചിരിയും കുസൃതികളും നന്ദനയ്ക്ക് ഉറക്കെ കേൾക്കാം. കോളേജിന്റെ ആരവങ്ങളും പ്രകൃതിയിലെ നാദങ്ങളുമെല്ലാം മികവാർന്ന ശബ്ദത്തോടെ നന്ദനയ്ക്ക് ആസ്വദിക്കാം.