മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ഏറെ കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഭിന്നശേഷി അവാർഡ് ജേതാവും ചാവക്കാട് എടക്കഴിയൂർ സ്വദേശിയുമായ അബ്ദുൾ ഹാദി എന്ന ഒമ്പതാം ക്ലാസുകാരൻ. ‘വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തിയ മന്ത്രിസഭയെ ഒരുമിച്ച് കാണാൻ കഴിഞ്ഞു. വലിയ സന്തോഷം, അതുകൊണ്ട് തന്നെ ഇത് എനിക്ക് പ്രിയപ്പെട്ട സർക്കാരാ.’ ഇതായിരുന്നു അബ്ദുൾ ഹാദിയുടെ വാക്കുകൾ.

കിലയിൽ നടന്ന നവകേരള സദസ്സ് പ്രഭാത യോഗത്തിൽ മുൻ നിരയിൽ ഇരുന്ന് നടപടിക്രമങ്ങൾ ആദ്യാവസാനം നോക്കി കണ്ടു. മന്ത്രിമാർക്കും വിശിഷ്ടാത്ഥികൾക്കും പ്രിയപ്പെട്ടവനായി. അവർക്കൊപ്പം സെൽഫിയും ഫോട്ടോയും എടുത്താണ് മടങ്ങിയത്.ക്രിയേറ്റീവ് ചൈൽഡ് വിത്ത് ഡിസെബിലിറ്റി വിഭാഗത്തിലെ ഈ വർഷത്തെ ഭിന്നശേഷി അവാർഡ് ജേതാവാണ് അബ്ദുൾ ഹാദി.