തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ മുണ്ടൂർ മുതൽ പുറ്റേക്കരവരെയുള്ള കുപ്പിക്കഴുത്ത് പ്രശ്നത്തിന് പരിഹാരമായി. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടി പുതിയ അലൈന്മെന്റിൽ നവീകരണം നടത്താൻ 96 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായതായി നവ കേരള സദസ്സിന്റെ ഭാഗമായി കിലയിൽ നടന്ന പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയിലെ പ്രധാന ഭാഗമാണ് ഇത്. ഈ റോഡിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിരവധി വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ് സേവ്യർ ചിറ്റിലപ്പിള്ളി എം എൽഎയുടെ നിരന്തര ഇടപെടലിലൂടെ നവകേരള സദസ്സിൽ യഥാർഥ്യമായത് .
മുണ്ടൂർ വരെയുള്ള ഭാഗവും, പുറ്റേക്കര മുതലുള്ള സംസ്ഥാന ഹൈവേ ഭാഗവും നാലു വരി പാതയാണ്. മുണ്ടൂരിന് മുൻപുള്ള അമല റെയിൽവേ ഓവർ ബ്രിഡ്ജും നാലുവരിപ്പാതയാക്കി വീതി കൂട്ടി പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കുപ്പികഴുത്ത് പ്രശ്നത്തിനും പരിഹാരമാകുന്നതോടെ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമാകും.