വടക്കാഞ്ചേരി നവകേരള സദസ്സിൽ ജനകീയ മന്ത്രിസഭയെ ഏറ്റെടുത്ത് വൻ ജനാവലി. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും അടക്കം പതിനായിരക്കണക്കിന് ആളുകൾ പന്തലും വഴികളും നിറഞ്ഞു കവിഞ്ഞു ഒഴുകി എത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വടക്കാഞ്ചേരി വരവേറ്റത് വാദ്യാരവങ്ങളോടെ. പേരാമംഗലം വിജയന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പഞ്ചവാദ്യ സംഘവും 15 പേർ നയിക്കുന്ന കൊമ്പ് പറ്റോടുകൂടി മന്ത്രിമാരെയും സംഘത്തേയും വേദിയിലേക്ക് ആനയിച്ചു.

തേക്കിൻകാട് ബാന്റും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ മ്യൂസിക്കൽ ഫ്യൂഷൻ സംഗീതവിരുന്നും പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ച സംഗീത ഉപകരണങ്ങൾകൊണ്ടുള്ള സംഗീതവിരുന്നും വേദിയെ ആവേശം കൊള്ളിച്ചു.

750 വോളണ്ടിയർമാരുടെ നിസ്വാർത്ഥ സേവനം എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും മികച്ചതാക്കി. പുഴക്കൽ പ്രോജക്ടിൽ ഉൾപ്പടുന്ന അടാട്ട്, അവണൂർ, തോളൂർ, കൈപറമ്പ്, മുളം കന്നത്തുകാവ് കോലഴി പഞ്ചായത്തുകളിലെ അങ്കണവാടി ടീച്ചർമാരും ഒപ്പം നിന്നു.എം എൽ എയും എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പം നിന്ന അക്ഷീണപ്രയത്നത്തിന് നിറഞ്ഞ സദസ്സ് സ്നേഹത്തിന്റെ സഹകരണം നൽകി. ഓല കൊണ്ട് മൊടഞ്ഞെടുത്ത ഹരിതവല്ലങ്ങൾ ഒരുക്കി ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ മൊബൈൽ ടോയ്ലറ്റ്, ഇ ടോയ്ലറ്റ് സൗകര്യം, കുടുംബശ്രീ സ്റ്റാളുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തങ്ങൾ അനുഭവിച്ച വടക്കാഞ്ചേരിയുടെ ഓരോ വികസനത്തിന്റെയും പ്രദർശനവും കണ്ണിനും മനസ്സിനും ഇമ്പമാർന്ന പരിപാടികളും ആസ്വദിച്ചാണ് ഓരോരുത്തരും വേദി വിട്ടത്.

ആരോഗ്യസർവകലാ ശാല വിദ്യാർത്ഥികൾ, എൻ എസ് എസ്, എൻ സി സി, കോളേജ് വൊളന്റിയർമാർ, മെഡിക്കൽ കോളേജ് നിന്നുള്ള ആരോഗ്യ പ്രവർത്തർ, ഹരിതകർമ സേന അംഗങ്ങൾ കുടുംബശ്രീ, ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.