ക്ഷീരോൽപാദന രംഗത്ത് കേരളത്തിന് സ്വയം പര്യാപ്തത കൈവരികയാണെന്നും അടുത്തവർഷത്തോടുകൂടി നൂറു ശതമാനം ആക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കുന്നംകുളത്തെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പാൽ ഉത്പാദനക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണ്. ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി പലിശ രഹിത വായ്പ സംവിധാനങ്ങൾ ഒരുക്കി. മൃഗങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് സൗകര്യം എല്ലാ ബ്ലോക്കുകളിലും നൽകും. ആദ്യഘട്ടമായി 29 ബ്ലോക്കുകളിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ ജനങ്ങൾ പങ്കെടുക്കുന്ന സദസാണ് നവകേരള സദസ്സ്. കേരളം നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കുക എന്ന വലിയ ഉത്തരവാദിതത്തോടെയാണ് മന്ത്രിസഭ നവകേരള സദസ്സിൽ പങ്കെടുക്കുന്നത്.
എല്ലാം മേഖലയിലും സമഗ്രമായ മാറ്റം കൈവരിക്കാൻ ഗവണ്മെന്റിന് സാധിച്ചു. എല്ലാ മാറ്റങ്ങളും ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനും സാധിച്ചു. ദാരിദ്രരേഖ പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ദരിദ്രർ ഉള്ള സംസ്ഥാനമാണ് കേരളം. അവരുടെ ഉന്നമനത്തിനായി വ്യത്യസ്തമാർന്ന പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. അതി ദരിദ്രരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരെ ഉയർത്തി കൊണ്ടുവരാൻ സമസ്ത മേഖലകളിലും ഒരുപാട് പ്രവർത്തനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കുവാൻ ഉതകുന്ന തരത്തിലാണ് കേരളത്തിന്റെ ഇന്നത്തെ പ്രവൃത്തികൾ.
കോവിഡ് മഹാമാരിയിൽ സർക്കാരും ആരോഗ്യ വിഭാഗവും എല്ലാവരും കൂടി ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ മരണ സംഖ്യ കുറയ്ക്കാനും മഹാമാരിയെ നിയന്ത്രിക്കാനും സാധിച്ചു. ആ കാലഘട്ടത്തിൽതന്നെ വിദ്യാഭ്യാസ മേഖലയിലും വലിയ നേട്ടമാണ് ഉണ്ടായത്. ഇന്ത്യയിൽ തന്നെ മാതൃകയാക്കാവുന്ന ഓൺലൈൻ വിദ്യാഭ്യാസം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.