ഓഫീസ് കാര്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന വയോജനങ്ങള്‍ക്ക് സൗജന്യമായി ഇനി ചായയും കടിയും കഴിക്കാം. സംസ്ഥാനത്ത് ആദ്യമായി വയോജനക്ഷേമത്തില്‍ പുതിയ കാല്‍വെപ്പുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ ഇടം പിടിക്കുകയാണ്. നഗരസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പുതിയ പദ്ധതിക്കും നഗരസഭ തുടക്കം കുറിച്ചത്. ഒട്ടേറ നൂതന പദ്ധതികളിലൂടെ ശ്രദ്ധിക്കുന്ന മുന്നേറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ ക്ലീന്‍ സിറ്റിയുമായി മാറിയ സുല്‍ത്താന്‍ ബത്തേരി നഗര സഭയാണ് ഇനി വയോജനങ്ങള്‍ക്കും സന്തോഷമുള്ള വാര്‍ത്തയായി മുന്നില്‍ വരുന്നത്.
നഗരസഭ കാര്യാലയത്തിലെത്തുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് ഇതിനായി പരിഗണിക്കുക. പുതിയതായി നടപ്പാക്കുന്ന ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി തുടങ്ങിയ കഫേയില്‍ നിന്നാണ് ഈ സൗജന്യം ലഭിക്കുക. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 5.6 ലക്ഷം രൂപ ചെലവഴിച്ചാണ് കഫെ നിര്‍മിച്ചത്. കുടുംബശ്രീയുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായുളള കഫേയില്‍ കുടുംബശ്രീയില്‍ നിന്നും പരിശീലനം ലഭിച്ചവരെയാണ് നിയമിച്ചിട്ടുള്ളത്.
ജി പ്ലസ് ടൂ സംവിധാനത്തിലാണ് നഗരസഭയ്ക്ക് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്. താഴെ നിലയില്‍ കുടുംബശ്രീ, സിഡിഎസ് എന്നിവര്‍ക്ക് പുറമേ കൗണ്‍സിലര്‍ന്മാര്‍ക്ക് ജനങ്ങളുമായി സംവദിക്കാന്നും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ ഓഫീസ് പ്രവര്‍ത്തനത്തിനും രണ്ടാം നിലയില്‍ മിനി കോണ്‍ഫറന്‍സ് ഹാളും സജ്ജമാക്കിയിട്ടുണ്ട്. നഗരസഭയിലെ ഓരോ നിലയിലും ശുചിമുറികളുമുള്ള കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നഗരസഭയിലെ ഹാപ്പിനെസ് ഇന്റക്സ് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനതല സ്വരാജ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം വൃത്തിയുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിയെ തേടി ഇതിനകം എത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭ മാതൃകയാണ്.