നൂതന പദ്ധതികളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് ജനകീയ ആസ്ഥാനമായി മാറാന്‍ കഴിയുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നഗരസഭ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ജനങ്ങള്‍ക്ക് വളരെ വേഗം സേവനം നല്‍കാന്‍ കഴിയുന്ന കാര്യാലയമായി മാറാന്‍ നഗരസഭകള്‍ക്ക് കഴിയണം. ഒട്ടേറെ മാതൃകാ പദ്ധതികള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയെ വേറിട്ടതാക്കുന്നുണ്ട്.
ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്ളവര്‍ സിറ്റി എന്നിങ്ങനെ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ഹാപ്പിനസ് ഇന്‍ഡക്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ഹാപ്പി ഹാപ്പി ബത്തേരി എന്ന ആശയവും മുന്നോട്ട് വെക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെയുമുള്ളവര്‍ക്കായും ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. ഇതെല്ലാം മറ്റുള്ളവര്‍ക്കും മാതൃകയാണ്. പുതിയ കെട്ടിടവും മുന്നോട്ടുള്ള ചുവടുവെപ്പുകള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ മികച്ച പ്രവര്‍ത്തനത്തിനായി ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരസഭയില്‍ പുതുതായി തുടങ്ങിയ കഫെ നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ലോഗോ ഡിസൈനര്‍ ഷാലു നക്ഷത്രയെയും, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേശ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ.റഷീദ്, പി.എസ് ലിഷ, ഷാമില ജുനൈസ്, ടോം ജോസ്, സി.കെ സഹദേവന്‍, സാലി പൗലോസ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സി. യോഹന്നാന്‍,രാധാ രവീന്ദ്രന്‍,സി.കെ. ആരിഫ്, നഗരസഭ സീനിയര്‍ സെക്രട്ടറി കെ.എം സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.