നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിച്ച് തൃശ്ശൂർ നഗരത്തിലെ പ്രഭാത യോഗം. നവകേരള സദസ്സിന്റെ ഭാഗമായി തൃശ്ശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടു.

സ്വകാര്യ സർവകലാശാലകൾ നടപ്പാകുന്നതിനുള്ള ബില്ലുകൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഉന്നത വിദ്യാഭ്യാസരംഗത്തു വലിയരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ലോകമെമ്പാടും വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗത്തും അത്തരത്തിലുള്ള കാലോചിതമായ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. പഴയ രീതിയിൽ സർവകലാശാലകളും അഫിലിയേറ്റഡ് കോളജുകളും എന്ന നിലയിലായിരിക്കില്ല കാര്യങ്ങൾ. കുറേ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി കാര്യങ്ങൾ നിർവഹിക്കാനാകണം. നമ്മുടെ നാട്ടിലും ഇത്തരം സ്ഥാപനങ്ങൾ വേണം. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും’- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ എവിടെയും ശാന്തമായി കച്ചവടം ചെയ്യാനുള്ള സ്ഥിതി നിലവിലുണ്ടെന്ന് വ്യവസായിയായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. പാട്ടുരായ്ക്കൽ ജംഗ്ഷനിൽ വിവേകാനന്ദപ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ നടപടിയെ ശ്രീരാമകൃഷ്ണ മിഷൻ പ്രതിനിധി സ്വാമി നന്ദാത്മജ അഭിനന്ദിച്ചു.

പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ, വ്യാപാര പ്രമുഖൻ ടി എസ് പട്ടാഭിരാമൻ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, ഇസാഫ് എം ഡി പോൾ കെ തോമസ്, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, നടൻ ടി.ജി. രവി, പാവറട്ടി ചർച്ച് വികാരി ഫാദർ ജോൺസൺ ഐനിക്കൽ, അഷ്ടവൈദ്യൻ ഇ ടി നീലകണ്ഠൻ മൂസ്, മണ്ണുത്തി ഓർത്തഡോക്‌സ് സഭ ബിഷപ്പ് ഡോ. യൂഹനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത, എഴുത്തുകാരൻ അശോകൻ ചെരുവിൽ, ഒളകര ആദിവാസി കോളനി മൂപ്പത്തി മാധവി, ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ രമേഷ് കരിന്തലക്കൂട്ടം, ജയരാജ് വാര്യർ, കലാമണ്ഡലം ക്ഷേമാവതി, കർഷക അവാർഡ് ജേതാവ് കെ എസ് ഷിനോജ്, കാഴ്ച പരിമിതിയുള്ള, എം എ മ്യൂസിക് റാങ്ക് ജേതാവ് വിഷ്ണുപ്രസാദ് തുടങ്ങി വിവിധ മേഖലകളിൽ പെട്ട മുന്നൂറോളം പേർ അതിഥികളായി പങ്കെടുത്തു.