ഒളകര ആദിവാസി ഊരിലെ കുടുംബങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള രണ്ടര പതിറ്റാണ്ടുകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തൃശൂർ ദാസ് കോണ്ടിനെന്റിൽ നടന്ന നവകേരള സദസ്സ് പ്രഭാത വേദിയിൽ തങ്ങളുടെ ഭൂമി പ്രശ്‌നം ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

കോളനി നിവാസികൾക്ക് വനാവകാശ പ്രകാരം ഭൂമി ലഭ്യമാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണെന്നും സർവ്വേ നടപടികൾ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. 44 കുടുംബങ്ങളുടെ സ്വന്തമായി ഭൂമിയെന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ഒളകര ആദിവാസി ഊരിലെ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്ന നടപടി സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിച്ചതോടെ നവകേരള സദസ്സ് ഒളകര കോളനി നിവാസികൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു.എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സർക്കാരിന്റെ പ്രഖ്യാപിത നയമാണ് ഇതോടെ സാക്ഷാത്കരികുന്നത്. മന്ത്രിസഭയെ നേരിട്ട് കാണാനും നവകേരള സദസ്സിന്റെ ഭാഗമാകാനും കഴിഞ്ഞ സന്തോഷവും ഊരുമൂപ്പത്തി പങ്കുവെച്ചു.