• ജീവിതം സാർഥകമാവുന്നത് മറ്റുള്ളവരെ സഹായിക്കുമ്പോൾ: ജില്ലാ കലക്ടർ
  • മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ജില്ല നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ചർച്ചയുടെ ലോകം തുറന്ന് സ്റ്റുഡന്റ്‌സ് കോൺക്ലേവ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ കോളേജ് കാമ്പസുകളുടെ പരിഛേദം തന്നെ സിവിൽ സ്റ്റേഷൻ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ഒത്തുകൂടിയത്.

ജില്ലയിലെ മുഴുവൻ കോളേജ് യൂണിറ്റുകളിലെയും വിദ്യാർത്ഥി കോർഡിനേറ്റർമാരുടെ ഏകദിന സംഗമമായ വാർഷിക ‘സ്റ്റുഡന്റ്‌സ് കോൺക്ലേവ്’ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. സമ്പത്തും പ്രശസ്തിയും സ്ഥാനമാനങ്ങളുമല്ല, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ വ്യക്തികളിലും സമൂഹത്തിലും ഗുണാത്മകമായ മാറ്റം സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് ഒരാളുടെ ജീവിതം സാർഥകമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് കാമ്പസുകൾ പലവിധത്തിലുള്ള സാമൂഹിക ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അവയെ ഏകോപിപ്പിച്ച് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അവസരമൊരുക്കുകയാണ് ക്യാമ്പസസ് ഓഫ് കോഴിക്കോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി, നശാ മുക്ത് ഭാരത് അഭിയാൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്റ്റുഡന്റ്‌സ് കോൺക്ലേവ് സംഘടിപ്പിച്ചത്. നവകേരളമിഷൻ ജില്ലാ കോർഡിനേറ്റർ പി. ടി പ്രസാദ് ഗ്രീൻ അംബാസിഡർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിയാലി സി.ഇ. ഒ മണലിൽ മോഹനൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭിന്നശേഷി വിഭാഗങ്ങളുടെ ശാക്തീകരണം, മാലിന്യ സംസ്‌കരണം, ശുചിത്വ അവബോധം, ജനകീയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കോമ്പസിറ്റ് റീജ്യണൽ സെന്റർ ഡയറക്ടർ ഡോ. കെ.എൻ റോഷൻ ബിജ്‌ലീ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ടെക്‌നിക്കൽ അഡൈ്വസർ ഡോ. സുരേഷ് കുമാർ, ഗ്രീൻ വേംസ് സി.ഇ.ഒ. ജാബിർ കാരാട്ട്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് തുടങ്ങിയവർ വിഷയാവതണം നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.രാജേന്ദ്രൻ, വിമുക്തി ജില്ലാ കോർഡിനേറ്റർ ഇ. പ്രിയ, സിവിൽ എക്സൈസ് ഓഫീസർ സുജിത്, ജലാലുദ്ദീൻ, നെസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ്, ഹരിയാലി സി.ഇ.ഒ. മണലിൽ മോഹനൻ, വേങ്ങേരി നിറവ് കോർഡിനേറ്റർ ബാബു പറമ്പത്ത് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കോളേജ് യൂണിറ്റുകൾ നടപ്പിലാക്കേണ്ട ത്രൈമാസ കർമ്മപദ്ധതിക്ക് കോൺക്ലേവ് രൂപം നൽകി. ലഹരി വിരുദ്ധ എക്‌സിബിഷനും, സ്വീപ് വോട്ടർ എന്റോൾമെന്റ് കിയോസ്‌കും, ലഹരിക്കെതിരെ കയ്യൊപ്പ് ‘ട്രീ ഓഫ് ഹോണർ’ തുടങ്ങിയവയും കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരുന്നു കോൺക്ലേവ് സംഘടിപ്പിച്ചത്.

2022 – 23 അദ്ധ്യയന വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജ് യുണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം കൈതപ്പൊയിൽ ലിസ കോളേജിനും ഇന്റർവെൻഷൻ ടുവാർഡ്‌സ് വെൽബീയിങ് ഓഫ് മാർജിനലൈസ്ഡ് എന്ന വിഭാഗത്തിലെ പുരസ്‌കാരം ഓമശ്ശേരി അൽ – ഇർഷാദ് കോളേജ്, വി. കെ എച്ച്. എം. ഒ വിമൻസ് കോളേജ് എന്നിവയും സ്വന്തമാക്കി. മാലിന്യ സംസ്‌കരണത്തിൽ പ്രൊവിഡൻസ് വുമൺസ് കോളേജും ഇന്റർവെൻഷൻ ഇൻ പ്രൊമോട്ടിങ്ങ് മെന്റൽ ഹെൽത്ത് ആന്റ് ഫിസിക്കൽ ഹെൽത്ത് വിഭാഗത്തിൽ ജെ. ഡി. ടി കോളേജ് ഓഫ് നഴ്‌സിങ്, ഗവ. ഹോമിയോപതി കോളേജ് എന്നിവയും പുരസ്‌കാരങ്ങൾ നേടി. ഇന്റർവെൻഷൻ ടുവാർഡ്‌സ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ആന്റ് ലീഗൽ അവയർനെസ് വിഭാഗത്തിൽ തിരുവമ്പാടി അൽഫോൻസ കോളേജാണ് പുരസ്‌കാരത്തിന് അർഹരായത്.

ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹനൻ, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ കെ. പി രാധാകൃഷ്ണൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു