കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അവ ബ്രാൻഡ് ചെയ്യുന്നതിനും കർഷകർക്കു കൂടുതൽ സൗകര്യമൊരുക്കണമെന്നും ഇതു ഭാവിയിൽ കാർഷികമേഖലയ്ക്ക് രൂപമാറ്റം വരുത്തുമെന്നും നവകേരളസദസ് കാർഷിക കോൺക്ലേവ്. ഏറ്റുമാനൂരിൽ ഡിസംബർ 13ന് രാവിലെ 10ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ചെങ്ങളം എസ്.എൻ.ഡി.പി. ഹാളിൽ സംഘടിപ്പിച്ച കാർഷിക കോൺക്ലേവിലാണ് അഭിപ്രായമുയർന്നത്.

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വ്യത്യസ്തമായ ഒരു കാർഷിക രീതി ഉദയം ചെയ്യണം. ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ ആരംഭിച്ച കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി സാധ്യത തുറന്നുകൊടുക്കാനും സർക്കാർ പിന്തുണ നൽകണം. കുമരകം കരിമീൻ/ആറ്റുകൊഞ്ച് എന്നീ മത്സ്യങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്തി ആലപ്പുഴയിലെ മത്സ്യസംസ്‌കരണ കയറ്റുമതി കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം.

വീടുകളിലെത്തിക്കുന്ന അഗ്രീക്ലിനിക്കുകൾ കൂടി സർക്കാർതലത്തിൽ ഒരുക്കണമെന്നും കോൺക്ലേവ് വിലയിരുത്തി. സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. ജിജു പി. അലക്‌സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഘടകമാണ് നെല്ല്. 140 വ്യത്യസ്തമായ വിള ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ 22 ശതമാനം കുടുംബങ്ങൾ പൂർണ്ണമായും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനം കേരളമാണെന്നും 1.9 ലക്ഷം ഹെക്ടർ മാത്രമായിരുന്ന നെൽകൃഷി കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 2.30 ലക്ഷം ഹെക്ടറായി വർധിച്ചെന്നും അദ്ദേഹം പറത്തു.

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് കർഷകരിൽ വരുമാനം നൽകുന്ന സംയോജിത കാർഷികരീതിയെ കുറിച്ച് ‘നെല്ല് അധിഷ്ഠിത സംയോജിത കൃഷി സമ്പ്രദായങ്ങൾ കാലാവസ്ഥാനുസൃതകൃഷി രീതിയുടെ പ്രവർത്തനഫലങ്ങൾ’ എന്ന വിഷയത്തിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി അവതരണം നടത്തി. കൊയ്ത്തുകഴിഞ്ഞാലും കർഷകന് സംയോജിത കൃഷിയിലൂടെ ലഭിക്കുന്ന വിവിധ നേട്ടങ്ങളെ കുറിച്ച് കോൺക്ലേവിൽ വിശദീകരിച്ചു. നെല്ലിനോടൊപ്പം ബണ്ടുകളിലും ചാനലുകളിലും നടത്താവുന്ന കൃഷികളും വിശദീകരിച്ചു.

കൃഷിക്കൂട്ടങ്ങളെ ഫലപ്രദമായി വിനയോഗിക്കണ്ട ആവശ്യകതയെ കുറിച്ച് ‘കൃഷിക്കൂട്ടങ്ങളുടെയും എഫ്.പി.ഒകളുടെയും ആവശ്യകത നെൽകൃഷി മേഖലയിൽ’ എന്ന വിഷയം അവതരിപ്പിച്ച് മരങ്ങാട്ടുപിള്ളി കൃഷി ഓഫീസർ ഡെന്നിസ് ജോർജ് വിശദീകരിച്ചു. അഞ്ചു സെന്റ് മുതൽ രണ്ടര ഏക്കർ വരെയുള്ള ചെറുകിട കർഷകരുടെ കൂട്ടായ്മയാണ് കൃഷിക്കൂട്ടങ്ങളെന്നും ഉൽപ്പാദന മേഖല,മൂല്യവർദ്ധിത മേഖല, സേവനമേഖല, എന്നിങ്ങനെ വിവിധ മേഖലകളിലെ കൃഷിക്കൂട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.’കേരസംരക്ഷണം നാളെയുടെ ആവശ്യകത’ എന്ന വിഷയത്തിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ പല്ലവി ആർ. നായർ വിഷയാവതരണം നടത്തി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷേർലി സക്കറിയ മോഡറേറ്ററായി.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, ജില്ലാ കൃഷി ഓഫീസർ പ്രീത പോൾ, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതി, തിരുവാർപ്പ് കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ പങ്കെടുത്തു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.