ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജി. എസ്.ടി: ഓർഡിനൻസ്‌ ഇറക്കും

പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക്‌ ഓർഡിനൻസ്‌ കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക്‌ 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത്‌ പന്തയത്തിന്റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന്‌ കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ്‌ സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവരുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.

ഓൺലൈൻ ഗെയിമിങ്‌, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട്‌ നിലവിൽ ജിഎസ്‌ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക്‌ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ്‌ ഇറക്കുക.

വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച ചട്ട പരിഷ്കരണത്തിന് അനുമതി

വ്യവസായ ആവശ്യങ്ങൾക്കായി വ്യവസായ ഏരിയയിൽ സർക്കാർ ഭൂമിക്ക് പട്ടയം നൽകുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കേരള ഗവൺമെന്റ് ലാന്റ് അലോട്ട്മെൻറ് ആന്റ് അസൈൻമെന്റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് 2023 അംഗീകരിക്കാൻ തീരുമാനിച്ചു.

പുനർനാമകരണം

കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ്- മജിസ്ട്രേറ്റ് ; സബ്ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേരുകൾ പുനർനാമകരണം ചെയ്യും.

മുൻസിഫ്- മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് ( ജൂനിയർ ഡിവിഷൻ ) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് ( സീനിയർ ഡിവിഷൻ ) എന്നുമാണ് പുനർനാമകരണം ചെയ്യുക. ഇതിനായി 1991 ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഈ മാറ്റം.

ദീർഘിപ്പിച്ചു

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി ഐ ഷേയ്ക്ക് പരീതിന്റെ പുനർ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

കാര്യനിർവഹണ ചട്ടങ്ങളിൽ ഭേദഗതി

സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതി തേടും. ശിക്ഷാ ഇളവ് നൽകുന്നത് സംബന്ധിച്ചാണ് ഭേദഗതി. ശിക്ഷാ ഇളവ് നൽകുന്നത് മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമായിരിക്കും.

പുനർഗേഹം പദ്ധതിയിൽ ഫ്ലാറ്റുകൾ നിർമിക്കാൻ ഭരണാനുമതി

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി നൽകി.

ഫർണിച്ചർ വാങ്ങുന്നതിന് തുക

കണ്ണൂർ ജില്ലയിലെ കക്കാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫർണിച്ചറുകൾ വാങ്ങുന്നതിന് 19, 27,192 രൂപ അനുവദിച്ചു.