വർഗീയ കലാപമില്ലാത്ത നാടായി കേരളത്തെ മുന്നോട്ടു കൊണ്ട് പോകാനായത് ഭരണരംഗത്തെ മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് മാള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓഖി, കോവിഡ്, നിപ പോലുള്ള പ്രതിസന്ധികളിൽ സർക്കാരിനൊപ്പം നിന്ന ജനങ്ങൾ നാടിന്റെ ഐക്യത്തെ ശിഥിലമാക്കുന്ന പ്രവർത്തനങ്ങൾക്ക് എതിരെയും ഒപ്പം നിന്നു. വർഗീയക്കെതിരെ ഒറ്റക്കെട്ടായാണ് നമ്മൾ മുന്നോട്ട് പോയത്. പക്ഷേ അടുത്ത് കാലത്ത് മണിപ്പൂരിൽ നടന്ന പ്രശ്നങ്ങൾ വളരെ ആശങ്ക ഉണ്ടാക്കുനതാണ്. ആർ എസ്.എസ് അനുകൂല സംഘടനകളാണ് ഇത്തരത്തിലുള്ള അക്രമങ്ങൾ നിരന്തരം സംഘടിപ്പിക്കുന്നത്.
അതിന് സംഘപരിവാർ പിന്തുണയും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. സർക്കാർ കണക്കു പ്രകാരം 175 പേരാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. 1108 പേർക്ക് പരിക്കേറ്റു, 32 പേരെ കാണാതായി എന്നൊക്കെയാണ്. പക്ഷേ യഥാർത്ഥ കണക്ക് ഇതിനെല്ലാം മുകളിലാണ്. ഇത്തരത്തിൽ ഒരു വർഗീയ കലാപത്തിൽ നാട് അമരുമ്പോഴും കേന്ദ്ര സർക്കാർ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്നത് വേദനാജനകമാണ്. കലാപത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നപ്പോഴും കേന്ദ്ര സർക്കാരും ബിജെപിയും സംഘ പരിവാറും ചേർന്ന് അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.
കേരളത്തിൽ വർഗീയ ശക്തികൾ ഇല്ലാത്തതുകൊണ്ടല്ല ഇവിടെ പ്രശ്നങ്ങൾ ഇല്ലാത്തത്. വർഗീയ ശക്തികളോട വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളെ അടിച്ചമർത്താനായത്. മാത്രമല്ല കേരളത്തിലെ മതനിരപേക്ഷ ജനത ഇത്തരക്കാരെ വേണ്ടവിധത്തിൽ മനസ്സിലാക്കി അവഗണിക്കുകയാണ് ചെയ്തത്.
നമ്മുടെ നാടിന്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് നവകേരള യാതയിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളം വളരെ നേരത്തെ തന്നെ ഒരു പാട് മേഖലകളിൽ മുന്നിലായിരുന്നു പക്ഷേ നാടിന് കാലാനുസ്യതമായ പുരോഗതി നേടാനായില്ല. മുൻ യു ഡി എഫ് സർക്കാരിന്റെ കെടുകാര്യസ്ഥത തകർച്ചയിലേക്ക് നയിച്ചു. ജനങ്ങൾ കടുത്ത നിരാശയിലായ സമയത്താണ് 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലേറിയത് . ജനങ്ങളുടെ പ്രതീക്ഷകർക്ക് അനുസരിച്ച് പ്രവർത്തിക്കുക അത്ര സുഗമമായിരുന്നില്ല.
കേരളത്തിന്റെ തനതുവരുമാനം, ആഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വർധിപ്പിക്കാനായിട്ടുണ്ട്. ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത് കാണിക്കുന്നത് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ സാമ്പത്തിക പുരോഗതിയാണ്. പക്ഷേ പ്രയാസം വരുന്നത് കേന്ദ്രസർക്കാറിന്റെ നിലപാടുകൾ ശ്വാസം മുട്ടിക്കുമ്പോഴാണ്. സാധാരണ മാനദണ്ഡമനുസരിച്ച് നമുക്ക് അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കാതെ വരുന്നു. ഇതെല്ലാം ജനങ്ങൾ മനസിലാക്കുന്നുണ്ട് . നവകേരള യാത്ര ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടി കൂടിയുള്ളതാണ്. നമുക്ക് ലഭിക്കുന്ന ജനപിന്തുണ നവകേരള സദസ്സിനെ ഏറ്റെടുത്തു എന്നതിന് തെളിവാണെന്നും മുഖ്യമന്തി പറഞ്ഞു.
വി ആർ സുനിൽ കുമാർ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ പി പ്രസാദ്, കെ എൻ ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കോ ഓർഡിനേറ്റർ എൽ എ എൻ എച്ച് ഡെപ്യൂട്ടി കലക്ടർ പി അഖിൽ സ്വാഗതം പറഞ്ഞു.
നവകേരള സദസ്സിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ 20 കൗണ്ടറുകളിലൂടെ നിവേദനങ്ങൾ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.