ലോകത്തിന് മാതൃക എന്ന് അമർത്യസെൻ വിശേഷിപ്പിച്ച കേരള മോഡലിനു പിന്നിൽ ഈ നാട്ടിലെ ജനങ്ങളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാളയിൽ കൊടുങ്ങല്ലൂർ മണ്ഡലം നവ കേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നൂറു ശതമാനവും ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് നവ കേരള സദസ്സുമായി ജനങ്ങളുടെ മുന്നിലേക്ക് വരാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിയുന്നത്. 25 വർഷത്തിനപ്പുറത്തെ കേരളത്തെക്കുറിച്ച് ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനാണ് നവ കേരള സദസ്സ്.
ദേശീയ പാത, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിങ്ങനെ 1,30,000 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും നല്ല തുറമുഖം ആവാൻ കഴിയുന്നതാണ് വിഴിഞ്ഞം തുറമുഖം. ആഴമേറിയ വിഴിഞ്ഞം തുറമുഖത്തിൽ മൂന്ന് ലക്ഷം ടൺ കേവു ഭാരമുള്ള കപ്പൽ അടുക്കാൻ കഴിയും.
കേരളം സാമൂഹിക രംഗത്ത് കൈവരിച്ച നേട്ടങ്ങൾ കാരണം നമുക്ക് സഹായം നിഷേധിക്കുകയാണ്. കോവിഡിന് ശേഷം കേന്ദ്രം നൽകുന്ന സഹായം വലിയ തോതിൽ വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട 57,000 കോടിയോളം രൂപ വെട്ടിക്കുറച്ചു. അതേസമയം, സംസ്ഥാനത്തിന്റെ വരുമാനം 2021 മാർച്ചിൽ 47,000 കോടി ആയിരുന്നത് രണ്ടു വർഷം കൊണ്ട് 74,000 കോടിയായി ഉയർത്താൻ കേരളത്തിന് കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.