പണി പൂർത്തിയാകുമ്പോൾ ഹൈക്കോടതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കോടതി സമുച്ചയമായിരിക്കും ഇരിങ്ങാലക്കുടയിലെ കോടതി സമുച്ചയമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്ത് ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു. 29.25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. 64 കോടി രൂപയാണ് രണ്ടാം ഘട്ടത്തിനു വേണ്ടി സർക്കാർ അനുവദിച്ചിട്ടുള്ളത്.
ദേശീയ തലത്തിൽ തന്നെ ഏറ്റവും മികവേറിയ ഭിന്നശേഷി പുനരധിവാസ കേന്ദ്രമായി ഇരിങ്ങാലക്കുടയിലെ നിപ്മെർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ) മാറി. എല്ലാവിധ തെറാപ്പി കളും പുനരധിവാസ പരിശീലനവും ഏറ്റവും ശാസ്ത്രീയമായ പരിചരണവും ലഭിക്കുന്ന കേന്ദ്രമായി നിപ്മെറിനെ മാറ്റിയെടുക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.