ജനാധിപത്യത്തിന്റെ ചരിത്രത്തിൽ നവകേരള സദസ്സ് കൊണ്ട് കേരളം പുതിയ അദ്ധ്യായം കുറിച്ചിരിക്കുകയാണെന്ന് ആരോഗ്യ – വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു വിദ്യാഭ്യാസം, ആരോഗ്യ മേഖല, പൊതുമേഖല, കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, ഗെയിൽ, ഇടമൺ കൊച്ചി പവർ ഹൈവേ, നാഷണൽ ഹൈവേ തുടങ്ങി എല്ലാ മേഖലകളിലും വികസന നേട്ടങ്ങൾ കൈവരിച്ച് 2016 ൽ നാം സ്വപ്നം കണ്ട പുതിയ കേരളം യാഥാർത്ഥ്യമായിരിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാല് മിഷനുകൾ സർക്കാർ ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി വഴി സംസ്ഥാനത്ത് നിരവധി വികസന മാറ്റങ്ങൾ ഉണ്ടായി. സാധാരണക്കാരന്റെ അവകാശമാണ് ഇന്റർനെറ്റന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ സർക്കാരാണിത്. സംരംഭങ്ങൾ വർധിച്ചു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ അവയവ ദാന ശാസ്ത്രക്രിയ തുടങ്ങാനായി. തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളും ഇതിന് സജ്ജമാകുകയാണ്.
ഫയൽ അദാലത്ത്, താലൂക്ക് തല അദാലത്ത്, ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകളുടെ തുടർ പരിശോധന, മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗങ്ങൾ എന്നിവയെ തുടർന്നാണ് നവകേരള സദസ്സിൽ സർക്കാർ എത്തി നിൽക്കുന്നത്.
മഞ്ചേശ്വരത്ത് നിന്ന് നവകേരള സദസ്സ് ഇരിങ്ങാലക്കുടയിൽ എത്തി നിൽക്കുമ്പോൾ കാലാവസ്ഥയെ പോലും അവഗണിച്ച് ജനങ്ങൾ പങ്കാളികളാവുകയാണ്. നവകേരള സദസ്സിലെ പ്രഭാത യോഗങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരുടെ നിർദേശങ്ങൾ സ്വീകരിച്ചു മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.