കേരളത്തെ നയിക്കുന്ന സർക്കാരിന്റെ യഥാർത്ഥ യജമാനന്മാർ മൂന്നരകോടി ജനങ്ങളാണ് എന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനത്തിൽ നടന്ന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരള സദസ്സുകൾ എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇരിങ്ങാലക്കുട നവ കേരള സദസ്സിൽ ഒഴുകിയെത്തിരിക്കുന്ന ഈ ജനക്കൂട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ മുൻപിലേക്ക് എത്തുന്ന സർക്കാരാണിത്. സാധാരണക്കാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും അറിഞ്ഞ് നവ കേരളത്തിന്റെ നിർമാണത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് സർക്കാർ.കേരളം യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും വികസന നേട്ടങ്ങളും ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാനാണ് സർക്കാർ നവകേരള സദസ്സിലൂടെ ശ്രമിക്കുന്നത്. ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ തന്നെ സാക്ഷാത്കരിക്കും.
ഒരു ജീവജാലവും പട്ടിണി കിടക്കരുത് എന്ന് ഗവൺമെന്റ് തീരുമാനിക്കുന്നത് കേവലം വോട്ടിന്റെ രാഷ്ട്രീയമല്ല. ജനങ്ങളെ ഒരു ദുരന്തത്തിലും വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്ന ആർജ്ജവവും ഇച്ഛാശക്തിയും ഉള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ്. കോവിഡ് ഉൾപ്പടെയുള്ള മഹാമാരിയിൽ സർക്കാർ ജനങ്ങളെ ചേർത്തുപിടിച്ചു.
2025 നവംബർ ഒന്നിന് ഒരു അതിദരിദ്രർ പോലുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. 600 രൂപയിൽ നിന്നും സാമൂഹ്യ ക്ഷേമ പെൻഷൻ തുക ഘട്ടംഘട്ടമായി 1600 രൂപയാക്കി വർധിച്ചു. 64 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നു. എല്ലാം മേഖലകളിലും വലിയ നേട്ടമാണ് സർക്കാർ ഉണ്ടാക്കുന്നത്.
നവകേരള സദസ്സിനെ ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുന്ന കാഴ്ചയാണ് ഓരോ വേദിയിലും കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.