മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണാനും നവ കേരള സദസിനെ അറിയാനും മണിപ്പൂരിൽ നിന്നുള്ള കുട്ടികളും നിപ്മറിലെ ഭിന്നശേഷി കുട്ടികളും എത്തി. ഇരിങ്ങാലക്കുട കല്ലേറ്റുംകര നിപ്മറിലെ 25ഓളം ഭിന്നശേഷി കുട്ടികളും അവരുടെ മാതാപിതാക്കളും ജീവനക്കാരും നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു എന്നിവർ സദസ്സിൽ പ്രത്യേക ശ്രോതാക്കളായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എംഎസ് സി മൈക്രോബയോളജി, സുവോളജി,ബോട്ടണി, ബി എസ് ഡബ്ലിയു, ഫാഷൻ ഡിസൈനിങ്, സൈക്കോളജി എന്നീ വിഷയങ്ങളിലെ 13 മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥിനികളും പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐ യിലെ ഇലക്ട്രിക്കൽ കോഴ്സ് പഠിക്കുന്ന 12 ആൺകുട്ടികളും ആണ് വേദിയിലെത്തിയത്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ മണിപ്പൂർ വിദ്യാർത്ഥിനികൾ തുടർ പഠനത്തിനായി കേരളത്തിലേക്ക് എത്തിയതായിരുന്നു. പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐ യിലെ വിദ്യാർത്ഥികളെ മണിപ്പൂരിൽ നിന്ന് ഇന്റർവ്യൂ വഴിയാണ് എടുത്തത്. 2023 നവംബറിൽ ഇരിങ്ങാലക്കുടയിൽ എത്തിയ ഇവർ 2025 വരെ ഇവിടെയുണ്ടാകും. സൗജന്യ പഠനവും ഭക്ഷണവും താമസസൗകര്യവും ഇവർക്ക് ലഭ്യമാക്കിയിട്ടുള്ളത്.

കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും നവ കേരള സദസ്സിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് ജനനായകനായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ അവർ എത്തിയത്.മന്ത്രിയും ഇരിങ്ങാലക്കുട സംഘാടക സമിതി ചെയർപേഴ്സനുമായ ഡോ. ആർ ബിന്ദു, മന്ത്രിമാരായ കെ രാജൻ, വീണ ജോർജ്, എന്നിവർ മണിപ്പൂർ വിദ്യാർത്ഥികളെയും , നിപ്മറിലെ ഭിന്നശേഷി കുട്ടികളെയും കണ്ട് ക്ഷേമ അന്വേഷണം നടത്തി.