കേരളത്തിലെ ആദിവാസി ഗോത്ര മേഖലയുടെ സ്വപ്നസാക്ഷാത്കാരമായി എല്ലാ വീടുകളിലും 2024 മാർച്ച് മാസത്തിനകം വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷണൻകുട്ടി. തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുതുക്കാട് നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 27 ആദിവാസി കോളനികളാണ് വൈദ്യുതീകരിച്ചത്. മലക്കപ്പാറ ആദിവാസി കോളനിയായ വെട്ടിവിട്ടകാടിൽ 92,46,000 രൂപ ഉപയോഗിച്ചാണ് വൈദ്യുതീകരണം പൂർത്തീകരിച്ചത്. തൃശ്ശൂർ – ഇരിങ്ങാലക്കുട പരിധിയിലുള്ള എല്ലാ കോളനികളും വൈദ്യുതീകരണം പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറിയത് ചരിത്രമായി മാറി. പവർകട്ടും, ലോഡ് ഷെഡ്ഡിംഗും പഴങ്കഥയായി മാറി. സാധാരണക്കാരന് പുറപ്പുര സോളാർ യാഥാർഥ്യമാക്കാൻ സാധിച്ചു. നിലാവ് പദ്ധതി പ്രകാരം 29163 തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഉത്പാദന-പ്രസരണ-വിതരണ മേഖലകളിൽ ഉണർവിൻ്റെ നാളുകളാണ് കഴിഞ്ഞ ഏഴ് വർഷ കാലയളവിൽ കാണാനായത്. വൈദ്യുതി രംഗത്ത് 17,453.36 കോടി രൂപയുടെ മുതൽ മുടക്ക് ഉണ്ടായി. വിതരണ മേഖലയിൽ 9607 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. 27.7 ലക്ഷം പുതിയ കണക്ഷനുകൾ നൽകിയതും വലിയ മുന്നേറ്റമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീളുന്ന 400കെ.വി.യുടെ പവർഹൈവേ അന്തിമ ഘട്ടത്തിലാണ്. അങ്കണവാടികളിൽ പൂർണമായും വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയും ലക്ഷ്യ പ്രപ്തിയിലേയ്ക്ക് എത്തുന്നു. ജില്ലയിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 524.13 കോടി രൂപയുടെ പ്രവൃത്തികളാണ് ലക്ഷ്യമിടുന്നത്.
ഭാവി കേരളത്തിനായി കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉത്പാദനം ലക്ഷ്യം വെക്കണം. വ്യവസായ സഹൃദ സംസ്ഥാനമായി മാറാനും തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും വൈദ്യുത രംഗത്തെ മാറ്റങ്ങൾക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.