മതനിരപേക്ഷതയാണ് എല്ലാ വിഭാഗങ്ങൾക്കും രക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചാലക്കുടി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐക്യവും ഒരുമയും നിലനിർത്താൻ ആവശ്യമായ മതനിരപേക്ഷതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷ സർക്കാറിനുള്ളത്.

കേന്ദ്രസർക്കാർ സഹായം ലഭിക്കാത്തതിൽ നാട് ഉയർത്തുന്ന പ്രതിഷേധമാണ് നവകേരള സദസ്സ് വേദികളിൽ എത്തുന്ന പതിനായിരങ്ങൾ. പ്രതിപക്ഷത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങിയതിന്റെ ഫലമാണ് കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ എടുത്ത തീരുമാനം. സ്വന്തം നാടിനായി വൈകിയാണെങ്കിലും ശബ്ദിക്കാൻ തയ്യാറായത് നവകേരള സദസ്സിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹോദര്യവും മതനിരപേക്ഷതയും കേരളമെന്നും ഉയർത്തിപ്പിടിക്കുന്നു. മണിപ്പൂരിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ കേരളത്തിൽ വിദ്യാഭ്യാസത്തിനായി എത്തിയിട്ടുണ്ട്. അമ്മയുടെ മടിത്തട്ടിൽ എത്തിയ കുഞ്ഞിനെപ്പോലെയാണവർ ഈ നാടിനെ കാണുന്നത്. ജാതിമതവർഗ്ഗഭേദമന്യേ കേരളം അവരെ സ്വീകരിച്ച് എല്ലാവിധ സൗകര്യങ്ങളും നൽകി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വേണ്ടയിടങ്ങളിൽ കേരളത്തിനുവേണ്ടി ശബ്ദമുയർത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നില്ല. ആവശ്യങ്ങളും ഉന്നയിക്കപ്പെടുന്നില്ല. ഇത് ജനം തിരിച്ചറിയുന്നതിന്റെ അടയാളവും ഒരുമയും ഐക്യവും ശിഥിലമാക്കുന്നവർക്കുള്ള മറുപടിയുമാണ് ഓരോ നവ കേരള സദസ്സിലും കാണുന്ന ജനപ്രവാഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിൽ മുൻ എം എൽ എ ബി.ഡി ദേവസി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി കൺവീനറും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായ ആർ. ലക്ഷ്മി സ്വാഗതവും ചാലക്കുടി മുനിസിപ്പാലിറ്റി സംഘാടക സമിതി ചെയർമാൻ സി.എസ് സുരേഷ് നന്ദിയും പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആതിര ദേവരാജൻ, എം.എസ്. സുനിത, അമ്പിളി സോമൻ, പ്രിൻസി ഫ്രാൻസിസ്, മായ ശിവദാസൻ, പി.സി. ബിജു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ബീന രവീന്ദ്രൻ, കോടശ്ശേരി പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ ജയ തിലകൻ, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി തുടങ്ങിയവർ സംബന്ധിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ 25 കൗണ്ടറുകളിലൂടെ നിവേദനങ്ങളും സ്വീകരിച്ചു.