സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതി ‘ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (എന്‍.ഐ.എല്‍.പി) ഭാഗമായുള്ള സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ഡിസംബർ പത്തിന് സംസ്ഥാനത്തൊട്ടാകെ നടക്കും. മലപ്പുറം ജില്ലയിൽ 8,137 പഠിതാക്കളാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി വഴി സാക്ഷരതാ പഠനം പൂർത്തിയാക്കി മികവുത്സവത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 6,640 പേർ സ്ത്രീകളും 1,533 പേർ പുരുഷന്മാരുമാണ്. ഇവരിൽ 1,936 പേർ പട്ടിക ജാതിക്കാരും 353 പേർ പട്ടിക വർഗക്കാരും ഉൾപ്പെടും. ജില്ലയിൽ 283 കേന്ദ്രങ്ങളിലാണ് മികവുത്സവം നടക്കുന്നത്. ഡിസംബർ പത്തിന് രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലാണ് പരീക്ഷ നടത്തുക.
പദ്ധതി നടപ്പാക്കിയത് 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലും
മലപ്പുറം ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലുമാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി നടപ്പാക്കിയത്. ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി ജില്ലാതല സംഘാടക സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷരുടെ നേതൃത്വത്തിൽ പ്രാദേശിക സംഘാടക സമിതിയും രൂപീകരിച്ചാണ് ഒരു വർഷത്തോളം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തിയത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ ഡിജിറ്റൽ സർവേ നടത്തി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം കരുളായി മാഞ്ചീരി പട്ടിക വർഗ കോളനിയിൽവച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. പരിശീലനം നൽകിയ 841 വളണ്ടറി അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.