വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം മുൻഗണന നൽകി സുൽത്താൻ ബത്തേരി വാർഡ് സഭ. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഹാളിൽ നടന്ന വാർഡ് സഭ നഗരസഭ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വർഷം വിവിധ പദ്ധതികളാണ് സന്തോഷ നഗരത്തിലെ വയോജനങ്ങളെയും ഭിന്നശേഷിക്കാരേയും ചേർത്ത് നിർത്തുന്നതിന് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി ഫെസ്റ്റ്, കിടപ്പു രോഗികളുടെ പ്രത്യേക പരിപാടികൾ, വയോജനങ്ങൾക്ക്വിനോദയാത്ര, വയോജന ഭിന്നശേഷി സൗഹൃദ ഫുട്പാത്തുകൾ, തൊഴിലിടങ്ങൾ, തെരുവിടങ്ങൾ, തുടങ്ങിയ നിർദേശങ്ങളും ചർച്ചകളും വാർഡ് സഭയിൽ നടന്നു.

നഗരസഭയുടെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബർ 8 മുതൽ 17 വരെ നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ വാർഡ് സഭ നടക്കും. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് ലിഷ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സാലി പൗലോസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.