ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വിക്ടോറിയ ആശുപത്രിയിൽ ജനോപകാരപ്രദമായ അമ്മയാക്കായ് പദ്ധതി തുടങ്ങുന്നു. ആശുപത്രിയിൽ പ്രസവത്തിനായി എത്തുന്ന മുഴുവൻ രോഗികൾക്കും എ പി എൽ – ബി പി എൽ വ്യത്യാസം ഇല്ലാതെ ബെഡ്ഷീറ്റ്, വെള്ള മുണ്ട്, വെള്ള ഉടുപ്പ്, കൈലി മുണ്ട്, നൈറ്റി, സാനിറ്ററി പാഡുകൾ,തോർത്ത്‌,ബേബി ഉടുപ്പ്, ബേബി ടൗവ്വൽ, ബേബി വൈപ്പ് തുടങ്ങി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ 14 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റ് സൗജന്യമായി നൽകുന്ന പദ്ധതിയാണ്.

നിലവിൽ വിവിധ പദ്ധതികൾ പ്രകാരം തന്നെ പ്രസവവും, അതിനു ശേഷമുള്ള വീട്ടിലേക്കുള്ള മടക്ക യാത്രയും(മാതൃയാനം )ഉൾപ്പടെ സൗജന്യമായി ആണ് നൽകുന്നത്. ആകെ ഉണ്ടായിരുന്ന ചിലവ് ഇത്തരംആവശ്യ സാധനങ്ങൾ വാങ്ങുന്ന ഇനത്തിൽ ആയിരുന്നു. ‘അമ്മയ്ക്കായ്’ എന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ഇനി ചിലവും ഒഴിവാക്കുകയാണ്.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഡിസംബർ 12ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രി അങ്കണത്തിൽ നിർവഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയാകുന്ന ചടങ്ങിൽ ഡിഎംഒ ഡോ. വസന്തദാസ് മുഖ്യ പ്രഭാഷണം നടത്തും.