മത്സ്യ വിഭവങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതയുമായി കുടുംബശ്രീ ജില്ലാ മിഷന്‍. വളര്‍ത്തു മത്സ്യങ്ങളുടെയും അല്ലാത്തതിന്റെയും വ്യത്യസ്തമായ സംരംഭ പദ്ധതിയാണ് മത്സ്യ സംഭരണി. വിഷരഹിത മത്സ്യം, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, വിപണനം ഉറപ്പുവരുത്തുക, മത്സ്യകര്‍ഷകരുടെ സ്ഥിരവരുമാനം എന്നിവയാണ് പദ്ധതിയിലൂടെ കുടുംബശ്രീ  ലക്ഷ്യമിടുന്നത്.

സി.എഫ് മുഖേന സാമ്പത്തിക സഹായം സംരംഭകര്‍ക്ക് ലഭ്യമാകും. പദ്ധതി നടപ്പാക്കേണ്ടതിനെ കുറിച്ച് പരിശീലന ക്ലാസുകളും നല്‍കും. യൂണിറ്റുകള്‍ക്ക് ആവശ്യമായ ഫണ്ട് പഞ്ചായത്തിന് നല്‍കാവുന്നതാണ്. മീന്‍ അച്ചാറുകള്‍, മാരിനേറ്റഡ് ഫിഷ്, ഉണക്ക മത്സ്യം, വിവിധ തരത്തില്‍ പാകം ചെയ്ത മത്സ്യ ഉല്‍പന്നങ്ങള്‍, വൃത്തിയായി മുറിച്ച മത്സ്യങ്ങള്‍ തുടങ്ങിയവ ഇത്തരം ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും. ഇത്തരം സംരംഭങ്ങള്‍ക്ക് വിപണന സാധ്യത പ്രതീക്ഷിക്കുന്നതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് പറഞ്ഞു.