ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് എല്ലാവരുടെയും സഹകരണത്തോടെ വൻ വിജയമാക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ അധ്യക്ഷത വഹിച്ചു.
വ്യത്യസ്തമായ ജലകായിക മത്സരങ്ങൾ കൊണ്ടും വിപുലമായ ജനപങ്കാളിത്തം കൊണ്ടും അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസൺ ഡിസംബർ 26 മുതൽ 29 വരെ ബേപ്പൂർ മറീനയിലാണ് നടക്കുക. ഫെസ്റ്റിനോട് അനുബന്ധിച്ച് ബേപ്പൂർ നിയോജകമണ്ഡലത്തിലെ ചാലിയം, നല്ലൂർ മിനി സ്റ്റേഡിയം എന്നിവിടങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറും.
ബേപ്പൂരിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ രാജീവൻ കെ, ടി രജനി, ഗിരിജ ടീച്ചർ, വാടിയിൽ നവാസ്, കെ സുരേഷ്, ടി കെ ഷെമീന, സബ് കലക്ടർ വി ചെൽസാസിനി, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ് ടി, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് കൺവീനർ ടി രാധാഗോപി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.