കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യത കോഴ്‌സിന്റെ പതിനാറാം ബാച്ചില്‍ വയനാട് ജില്ലക്ക് 92.5 ശതമാനം വിജയം. പതിനാല് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ കോളേരി, തരിയോട്, അച്ചൂര്‍, മേപ്പാടി എന്നീ സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ നിന്നും മികച്ച വിജയം നേടിയ സി.വി സാറാക്കുട്ടി, വി.കെ സുലോചന പി.ടി സഫിയ, കെ.എസ് പ്രതിഭ, പി.സി ബിന്ദു, സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ പി.രു​ഗ്മിണി, കെ സൈന എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ആദരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, സ്റ്റാഫ് പി.വി.ജാഫര്‍, നോഡല്‍ പ്രേരക് എ. മുരളീധരന്‍, പ്രേരക് വി.കെ ബബിത മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.