നവകേരള സദസ്സ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തവരെ ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനത ബഹിഷ്‌കരിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ആലപ്പുഴ ജില്ലയിലെ അവസാന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. സദസ്സിൽ തിങ്ങിക്കൂടിയിരിക്കുന്ന പതിനായിരങ്ങളുടെ നിറസാന്നിദ്ധ്യം അതാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാടിന്റെ ആകെ പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യം. ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തവർ ഈ ലക്ഷ്യത്തെയാണ് തകർക്കാൻ ശ്രമിക്കുന്നത്.

ഏഴര വർഷം കൊണ്ട് കേരളത്തിൽ സമഗ്ര മേഖലയിലും വികസനം സാധ്യമായി. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാത നിർമ്മാണ നടപടികൾ പുരോഗമിക്കുകയാണ്.  ആധുനിക നിലവാരത്തിനുള്ള സ്‌കൂളുകളും ഹൈടെക് ലാബുകളുമായി പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് സാധിച്ചു.

ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയെ നേരിട്ടു വന്നു കാണേണ്ട സ്ഥിതി ഇന്ന് കേരളത്തിലില്ല.  അക്ഷയയിലൂടെ അപേക്ഷ നൽകി ചികിത്സാധന സഹായം എത്രയും പെട്ടന്ന് വീട്ടിലെത്തുന്ന സംവിധാനം സർക്കാൻ ഒരുക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 7633 കോടി രൂപയാണ് പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി നൽകിയത്.   ക്ഷേമപെൻഷൻ 600 രൂപയിൽ നിന്നും 1600 രൂപയായി ഉയർത്തി. ഓഖി, നിപ്പ, രണ്ടു പ്രളയങ്ങൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലും ജന ജീവിതം ദുരിതത്തിലേക്ക് തള്ളി വിടാതെ സംരക്ഷണം നൽകാനും പുനരുജീവനം സാധ്യമാക്കാനും കഴിഞ്ഞു.

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്, ഇലക്ട്രിക് ബസ്, സാധാരണക്കാർക്കായി ബജറ്റ് ഫ്രണ്ട്‌ലി ടൂറിസം പാക്കേജ്, കൊറിയർ സർവീസ്, ലോജിസ്റ്റിക്, ഗ്രാമങ്ങളിൽ ഗ്രാമവണ്ടി, തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. കെ.എസ്.ആർ.ടി.സി. ഇന്ധന പമ്പുകൾ സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ യാത്ര ഫ്യൂവൽസ് ഒരുക്കി. കെ.എസ്.ആർ.ടി.സി. ശബരിമലയിൽ നടപ്പിലാക്കിയ സേവ് സോൺ പദ്ധതി മാതൃകാപരമാണെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരി അഭിപ്രായപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എ.ഐ ക്യാമറകൾ സ്ഥാപിച്ച ഘട്ടത്തിൽ വലിയ വിമർശനമാണ് സർക്കാർ നേരിട്ടത്. എന്നാൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ക്യാമറ സ്ഥാപിച്ചത് വഴി 300-ൽ അധികം ജീവനുകൾ രക്ഷിക്കാൻ സാധിച്ചു.

വൻ വികസന കുത്തിപ്പാണ് ചെങ്ങന്നൂർ മണ്ഡലത്തിലുണ്ടായത്. കഴിഞ്ഞ ഏഴര വർഷത്തിൽ 2702 കോടി രൂപയുടെ വികസന പ്രവർത്തനമാണ് മണ്ഡലത്തിൽ നടന്നതെന്നും മന്ത്രി പറഞ്ഞു.