കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമാണ് കഴിഞ്ഞ ഏഴര വർഷമായി സർക്കാർ സാധ്യമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുന്നത്തൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു വിജ്ഞാന സംരക്ഷണ യജ്ഞത്തിന് കീഴിൽ സർക്കാർ സ്കൂളുകളിൽ വന്ന മാറ്റം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണെന്നും ഇതിന്റെ ഉത്തമ ഉദാഹരണമാണ് കുന്നത്തൂർ താലൂക്കിലെ സ്കൂളുകളെന്നും മന്ത്രി പറഞ്ഞു. സ്ഥലപരിമിതിയെന്ന പ്രശ്നപരിഹാരമായതോടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പ്രത്യേകം ബ്ലോക്കുകൾ ഉൾപ്പെടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ 17 കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആശുപത്രികളുടെ അടിസ്ഥാനസൗകര്യം ഉൾപ്പെടെ ഓരോ മേഖലയിലും സർക്കാർ രാജ്യാന്തര വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെ നൂതന സൗകര്യങ്ങൾ ഇതിന് ഉദാഹരണമാണ്.
അവയവ മാറ്റശാസ്ത്രക്രിയ ഉൾപ്പെടെ വൻ തുക ചെലവാകുന്ന ചികിത്സകൾ സംസ്ഥാനത്ത് സൗജന്യമായി നടപ്പാക്കാൻ കഴിയുന്ന വിധം ആരോഗ്യ മേഖല മാറി. താലൂക്ക് തലം മുതൽ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യം. ഇതിനായി കിഫ്ബിയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സമഗ്ര വികസനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ്. മലയോര-തീരദേശ ഹൈവേകൾ, കാർഷിക മേഖല തുടങ്ങി സർവ്വ മേഖലയിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ വികസനം മുരടിച്ച് നിൽക്കുമ്പോൾ ക്രിയാത്മക ഇടപെടലുകളിലൂടെ കേരളം സർവ്വ പ്രതിസന്ധികളെയും തരണം ചെയ്യുകയാണെന്നും ഭക്ഷ്യസുരക്ഷ, ക്രമസമാധാനം, ടൂറിസം തുടങ്ങിയ മേഖലകളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. നഷ്ടത്തിലായി പൂട്ടിപ്പോയ പൊതുമേഖലാ സ്ഥാപനങ്ങളെ വ്യവസായ വകുപ്പിലെ സമഗ്ര വികസനത്തിലൂടെ പുതുജീവൻ നൽകിയിരിക്കുകയാണ് സർക്കാർ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ ജനങ്ങളുടെ പൊതു ആവശ്യം മനസ്സിലാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അത്തരത്തിൽ ക്രിയാത്മകമായ നൂതന ആശയങ്ങൾ സമാഹരിക്കുന്നതിന്റെ ലക്ഷ്യത്തോടെയാണ് നവകേരള സദസെന്നും മന്ത്രി പറഞ്ഞു.