സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിൽ നവകേരള സദസ്സ് കേരളത്തിന്റെ പൊതുശബ്ദമായി മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍, അനിൽ. കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദേശീയപാത, മലയോര, തീരദേശ പാതകൾ തുടങ്ങി സർവ്വ മേഖലയിലെയും വികസനങ്ങൾ നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. രാജ്യത്ത് ഏറ്റവും അധികം ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 57,603 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയത്. നാടിന്റെ സുസ്ഥിര വികസനത്തിൽ സർക്കാരിന്റെ അഭിമാന പദ്ധതിയാണ് ലൈഫെന്നും ഈ സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനുമുമ്പ് നാല് ലക്ഷത്തോളം ഭവനരഹിതർക്ക് വീട് ലഭ്യമാകുകയെന്ന ലക്ഷ്യമാണ് സർക്കാരിന് മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.

2025 നവംബറോടെ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റും. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ജില്ലയിൽ 30,993 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. കേരളമാകെ 4,04,192 കാർഡുകൾ അനുവദിച്ചു. 33,481 പേർക്ക് ജില്ലയിൽ മുൻഗണന കാർഡുകൾ നൽകിയത്. തുടർന്നും ഈ പ്രവർത്തനം സജീവമായി തുടരുമെന്നും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള സേവനങ്ങൾ അർഹതയുള്ള കൈകളിലേക്ക് കൃത്യമായി എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മാറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കർഷകർക്ക് മികച്ച സംരക്ഷണമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.