കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ പുറത്തിറക്കിയ ‘മാതൃകം’  ഡിജിറ്റൽ മാഗസിൻ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ
പ്രകാശനം ചെയ്തു. കാൽനൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും നല്ല നവോത്ഥാന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവർത്തനങ്ങളും സി.ഡി.എസ്, ബാലസഭ തുടങ്ങിയവയിൽ നിന്നുമുള്ള രചനകളും, കുടുംബശ്രീ മുഖേനയുള്ള തൊഴിലവസരങ്ങളും വിജയഗാഥകളും അടങ്ങിയതാണ് ഡിജിറ്റൽ മാഗസിൻ. ‘മാതൃകം’ എന്ന പേരിൽ മാസത്തിൽ രണ്ടു തവണയായാണ് ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുക. കുടുംബശ്രീ, അയൽക്കൂട്ട സ്ത്രീകളുടെയും ബാലസഭ കുട്ടികളുടെയും  കലാസാഹിത്യപരമായ കഴിവുകൾ ലോകത്തിനു മുന്നിൽ എത്തിക്കുകയാണ്  മാഗസിനിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാന പ്രോഗ്രാം മാനേജർ വി.സി വിപിൻ മുഖ്യാത്ഥിയായി. മലപ്പുറം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജഅ്ഫർ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി മുഹമ്മദ് കട്ടൂപ്പാറ, മലപ്പുറം സി.ഡി.എസ്  ചെയർപേഴ്‌സൺമാരായ അനൂജദേവി, ജുമൈല തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ മിഷൻ ഡി.പി.എമ്മുമാർ സി.ഡി.എസുകൾ അക്കൗണ്ടന്റുമാർ ബ്ലോക്ക് കോർഡിനേറ്റർമാർ ആർ.പിമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കെ.എസ് ഹസ്‌കർ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ റൂബി രാജ് നന്ദിയും പറഞ്ഞു.