ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തുന്നതിനെതിരെ ജില്ലയിലെ സ്കാനിങ് സെന്ററുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡ്വൈസറി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു  അവർ. ജില്ലയിൽ നിലവിലുള്ള എല്ലാ സ്‌കാനിങ് സ്ഥാപനങ്ങളും പി.സി.പി.എൻ.ഡി.ടി. നിയമം കൃത്യമായി നടപ്പാക്കണം. എം.ആര്‍.ഐ സ്കാനിങ് സെന്ററുകള്‍ക്കും പി.എന്‍.ടി.ഡി ആക്ട് പ്രകാരമുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്. ആക്ട് പ്രകാരമുള്ള രേഖകളും രജിസ്റ്ററുകളും സെന്ററുകള്‍ കൃത്യമായി പരിപാലിക്കണം.

നിയമത്തെക്കുറിച്ച് മലയാളത്തിലുള്ള ബോർഡ് എല്ലാ സ്‌കാനിങ് സെന്ററിലും പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ നിർബന്ധമായി പ്രദർശിപ്പിക്കണം. ഇതിന് തടസം നിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ചില സ്ഥാപനങ്ങളിൽ പി.സി.പി.എൻ.ഡി.ടി നിയമത്തെ കുറിച്ചുള്ള ബോർഡ് പേരിന് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. സെന്റര്‍ നടത്തിപ്പുകാര്‍ക്ക് നിയമവുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കും. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട  വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജില്ലയില്‍ പുതുതായി നാല് സ്കാനിങ് സെന്ററുകള്‍ തുടങ്ങുന്നതിനും യോഗം അനുമതി നല്‍കി. യോഗത്തിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, ഡോ. എസ്. മിനി, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസർ പി. രാജു, അസി. ഇന്‍ഫര്‍മേഷൻ ഓഫീസര്‍ എം.പി അബ്ദുറഹ്മാന്‍ ഹനീഫ്, ബീനാ സണ്ണി, ഡോ. സജ്ന മോള്‍ ആമിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു