ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി ‘കൈയ്യെത്തും ദൂരത്ത് ‘ എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലും സാമൂഹികനീതി വകുപ്പ്, കമ്പോസിറ്റ് റീജ്യനൽ സെൻറർ, ജില്ലാ മെഡിക്കൽ ഓഫീസ്, എൻ എച്ച് എം, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജില്ലാ കളക്ടറുടെ ഇൻ്റെർൺസിന്റെ ഏകോപനത്തിൽ പെരുവയൽ വെഡ്ലാൻഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന ക്യാമ്പിൽ പെരുവയൽ, പെരുമണ്ണ, കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ, മാവൂർ ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 180 പേർ പങ്കെടുത്തു. ഇ-ഹെൽത്ത് രജിസ്ട്രേഷൻ, യുണീക് ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് (യുഡിഐഡി) രജിസ്ട്രേഷൻ എന്നീ സൗകര്യങ്ങളും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു. അടിസ്ഥാന രേഖകളുടെ അപര്യാപ്തത കൊണ്ട് ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാനും ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം നൽകലുമാണ് ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.
കാഴ്ച, കേൾവി, അംഗപരിമിതി, മാനസിക വെല്ലുവിളി എന്നിവ നേരിടുന്നവർക്കായി മെഡിക്കൽ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഡോ. ബിന്ദു തോമസ്, ഡോ. ടി എൻ സുരേഷ്, ഡോ. പി സുജിത്ത് കുമാർ, ഡോ. മുഹമ്മദ് ബഷീർ, ഡോ. പി കെ ബഷീർ, ആരോഗ്യ പ്രവർത്തകരായ സിൽമ, ജൂലി തുടങ്ങിയവർ മെഡിക്കൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത തോട്ടഞ്ചേരി, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ രാജീവ് മാരുതിയോട്ട്, ജിൻസി പുളിക്കൽ, വി നമൃത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.