ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ ലഹരിക്കടത്ത് തടയുന്നതിനായി ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ. ഷിബുവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ജനകീയ സമിതികൾ ശക്തിപ്പെടുത്തുവാനും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ എക്സൈസ്, പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തുടർ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യോഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വിദ്യാർഥികളിൽ മദ്യമയക്കുമരുന്ന് വ്യാപനം തടയുന്നതിനായി അവധിക്കാല എൻ.എസ്.എസ്, എൻ.സി.സി ക്യാമ്പുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തും.
അനധികൃത മദ്യം, മയക്കുമരുന്ന്, നാടൻ വാറ്റ് കടത്തുന്നതും കൈകാര്യം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കുന്നവരുടെ പേര്, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ.ഷിബു അറിയിച്ചു. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൺട്രോൾ റൂം നമ്പർ: 0484 2734886.