മഹാനഗരങ്ങള്‍ മാത്രം വികസന കേന്ദ്രങ്ങളാകുന്ന ലോകക്രമത്തില്‍ സര്‍വതലസ്പര്‍ശിയായ വികസനനേട്ടങ്ങളാണ് കേരളത്തിന് ലോകമസക്ഷം സാക്ഷ്യപ്പെടുത്താനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗമായി ക്വയോലോണ്‍ ബീച്ച് ഹോട്ടലില്‍ നടത്തിയ പ്രഭാതയോഗത്തില്‍ കേരളത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാന്‍ ക്ഷണിതാക്കളായെത്തിയ ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ക്ക് കഴിയുമെന്നും പറഞ്ഞു.
നാടിനെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും ധാരാളം വികസന സ്വപ്നങ്ങള്‍ ഉള്ളവരാണ് കേരളീയര്‍. അങ്ങനെയുള്ളവരുടെ പരിച്ഛേദമാണ് പ്രഭാതയോഗത്തെ സമ്പന്നമാക്കുന്നത്. ഒട്ടേറെ നിര്‍ദേശങ്ങളും നിവേദനങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിലും അനുബന്ധിച്ചുള്ള പ്രഭാതയോഗങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെല്ലാം അര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിക്കുകയും തുടര്‍നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. വികസനം എല്ലാവരിലേക്കുമെത്തിക്കുകയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാതല്‍. അതുതുടര്‍ പ്രക്രിയയാക്കിമാറ്റുന്നതിനാണ് ജനാഭിപ്രായം തേടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രഭാത യോഗത്തിലെ ക്ഷണിതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങളും മുന്നോട്ട് വച്ച അഭിപ്രായങ്ങളും മുഖ്യമന്ത്രി കേള്‍ക്കുകയും മറുപടി നല്‍കുകയും ചെയ്തു.
കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി, മത്സ്യത്തൊഴിലാളിയായ ഷാജി സെബാസ്റ്റ്യന്‍, എസ് എന്‍ ഡി പി കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍ രാജേന്ദ്രൻ കലാകാരനായ ഷജിത്ത്, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി കല്പ്പന, സംവിധായക വിധു വിന്‍സെന്റ്, ഫാദര്‍ റൊമന്‍സ് ആന്റണി, കര്‍ഷകതിലകം അവാര്‍ഡ് ജേതാവ് ബ്ലെയ്‌സി ജോര്‍ജ് തുടങ്ങി നാനാതുറകളിലുള്ള വ്യക്തികൾ പ്രഭാത സദസിൽ പങ്കെടുത്തു.
എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ജി എസ് ജയലാല്‍, സുജിത്ത് വിജയന്‍ പിള്ള, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം തുടങ്ങിയവര്‍ പങ്കെടുത്തു.