ജനങ്ങളാണ് യഥാർത്ഥ യജമാനർ എന്ന പൂർണബോധ്യത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ഭാവികേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി സംഘടിപ്പിച്ച നവകേരള സദസ്സിനെ ആർക്കും എതിർക്കേണ്ട സാഹചര്യമില്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഓരോ സദസ്സിലും ജനങ്ങൾ എത്തുന്നത്. സംസ്ഥാന സർക്കാർ തീർക്കുന്ന രാഷ്ട്രീയ ബദലിനെ തകർക്കാൻ ഇവിടെ എത്തുന്ന ജനങ്ങൾ തന്നെ അനുവദിക്കില്ല എന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ നടന്ന കൊല്ലം നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴര വർഷത്തിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കി സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലർത്തി. 18 മാസം കുടിശ്ശികയായിരുന്ന പെൻഷൻ 2016 ൽ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നൽകി. പിന്നീട് ഘട്ടം ഘട്ടമായി പെൻഷൻ തുക ഉയർത്തി. ഭൂമിയോ തണ്ടപ്പേർ പോലുമോയില്ലാത്ത ഗോത്രവർഗ്ഗക്കാർക്ക് ഉൾപ്പെടെ മുഴുവൻ പേർക്കും ഇവ നൽകുന്ന പ്രവർത്തനങ്ങൾ പട്ടയ മിഷനിലൂടെ പുരോഗമിക്കുകയാണ്.
കോവിഡ്, പ്രളയം, നിപ്പ തുടങ്ങിയ ദുരന്തങ്ങളിൽ നിന്നെല്ലാം ഈ ജനതയെ കൈപിടിച്ചുയർത്തിയ സർക്കാരാണിത്. ഒരു ദുരന്തത്തിലും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറണ്ട സാഹചര്യം കേരളത്തിൽ ഉണ്ടായില്ലെന്നും കേരളജനതയെ അത്തരം അവസ്ഥയിലേക്ക് വിട്ടു കൊടുക്കാൻ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.