ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ഉദ്യോഗതസ്ഥതല യോഗം ചേര്‍ന്നു. മികച്ച സംഘാടനവും സുരാക്ഷാകാര്യങ്ങളില്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും സംഘാടകര്‍ അത് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും അതിനായി ബീച്ച് ഫെസ്റ്റ് നടക്കുന്ന ബേക്കല്‍ ബീച്ചില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാനാക്കുമെന്നതിനെ കുറച്ച് വിശദമായ പഠനം നടത്താനും സംഘാടക സമിതിയോട് കളക്ടര്‍ ആവശ്യപ്പെട്ടു. പഠനം വിലയിരുത്തി എത്ര പേരെ ഒരു സമയത്ത് ബീച്ചില്‍ പ്രവേശിപ്പിക്കാം എന്നത് അന്തിമമാക്കാന്‍ പോലീസിനെയും ചുമതലപ്പെടുത്തി.

സാഹസിക വിനോദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിക്കുന്ന റൈഡുകളുടെയും മറ്റ് സംവിധാനങ്ങളുടെയും ലൈസന്‍സ് ഉറപ്പാക്കും. യോഗ്യത പരിശോധിച്ചു ലൈസന്‍സുകള്‍ ലഭ്യമാക്കാന്‍ കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മേളയോടനുബന്ധിച്ച് ഒരുക്കുന്ന എല്ലാ സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.

വിനോദത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍, വാഹനങ്ങള്‍, മുതലായവ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ലൈസന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയവയായിരിക്കും. പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ്സുകള്‍ ലഭ്യമാക്കും. എല്ലാ വകുപ്പുകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ എഡിഎമ്മിന് സമര്‍പ്പിക്കുവാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ലൊക്കേഷന്‍ മാപ്പ് തയ്യാറാക്കി നല്‍കുവാന്‍ ബി.ആര്‍.ഡി.സി. ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാല് ലൈഫ് ഗാര്‍ഡ് മാരുടെ സേവനവും പരിശീലനം ലഭിച്ച 50 ആപതാ മിത്ര വളണ്ടിയര്‍മാരുടെയും സേവനം മേളയില്‍ ലഭ്യമാക്കും.

ബീച്ചിലേക്ക് അഞ്ച് എന്‍ട്രി പോയിന്റുകളും അഞ്ച് എക്സിറ്റ് പോയിന്റുകളും

ബീച്ചിലേക്ക് അഞ്ച് എന്‍ട്രി പോയിന്റുകളും അഞ്ച് എക്സിറ്റ് പോയിന്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. കാസര്‍കോട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് മുന്‍വശത്തെ പ്രധാന കവാടവും കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് വരുന്ന ആളുകള്‍ക്ക് റെയില്‍വെയുടെ അനുമതിയോടു കൂടി പ്രത്യേക കവാടവും ഒരുക്കിയിട്ടുണ്ട്. കാല്‍ നടയാത്രക്കാര്‍ക്കായി പ്രത്യേകം വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 ഏക്കറിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 23 ഏക്കര്‍ വരുന്ന പാര്‍ക്കിന്റെ സുരക്ഷയ്ക്കായി 60 സിസി ടി.വി ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്. 60 വാക്കിടോക്കി സെറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കും.