മൂവാറ്റുപുഴ നഗരസഭയുടെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ നഗരസഭ പരിധിയിലെ വ്യവസായ സംരംഭകർക്കും വ്യവസായ മേഖലയിലെത്തുന്ന പുതു സംരംഭകർക്കുമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. നാനോ സംരംഭങ്ങളും മാർക്കറ്റിംഗ് സാധ്യതകളും, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധികൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടത്തി.
ചടങ്ങിൽ മൂവാറ്റുപുഴ ഉപജില്ലാ വ്യവസായ ഓഫീസർ പ്രിയ പോൾ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൺ നിസ അഷ്റഫ്, സി.ഡി.എസ്. ചെയർപഴ്സൺ നിഷ മനോജ്, വ്യവസായ വികസന ഓഫീസർ തേജോ കൈമൾ തുടങ്ങിയവർ പങ്കെടുത്തു.
സംരംഭകർക്ക് ആവശ്യമായ രജിസ്ട്രേഷൻ, എം.എസ്.എം.ഇ. ഇൻഷുറൻസ്, മറ്റ് രജിസ്ട്രേഷനുകൾ എന്നിവ സൗജന്യമായി എടുക്കുന്നതിനുമുള്ള സൗകര്യം സെമിനാറിന്റെ ഭാഗമായി ഒരുക്കിയിരുന്നു.