ജല്‍ശക്തി അഭിയാന്‍ അവലോകന യോഗം ചേര്‍ന്നു
ജല്‍ ശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. കൃഷിക്കാരുടെ പ്രശനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായി മുഴുവന്‍ പാടശേഖരത്തും ഫീല്‍ഡ് വിസിറ്റ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അതത് പഞ്ചായത്ത് നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചന്ദ്രഗിരി പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് ചെക്ക് ഡാം പണിയണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ചെക്ക് ഡാം പണിയുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.
കൃഷി ഉപകരണങ്ങള്‍ കൃഷി വകുപ്പ് നല്‍കുന്നുണ്ടെങ്കിലും അതിന്റെ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ യഥാസമയം കിട്ടുന്നില്ല എന്ന പരാതിയും യോഗത്തില്‍ ഉന്നയിച്ചു. ഇതിന് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ കൃഷി വകുപ്പിനു നിര്‍ദ്ദേശം നല്‍കി. കൃഷി സ്ഥലം അനധികൃതമായി നികത്തുന്നത് കാരണം മറ്റ് സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല എന്നും, സുറുമത്തോടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്ത് ആഴം കൂട്ടിയാല്‍ കൃഷിക്ക് ഗുണകരമാകുമെന്നും മഞ്ചേശ്വരത്തെ കര്‍ഷകര്‍ സൂചിപ്പിച്ചു. പാടി ചെക്ക് ഡാമിന്റെ ഡിസൈന്‍ തയ്യാറാക്കി അംഗീകാരത്തിനായി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ചിട്ടുണ്ടെന്ന് മൈനര്‍ ഇറിഗേഷന്‍ അറിയിച്ചു.
ജില്ലാ ഭൂജല വകുപ്പ് ഓഫിസര്‍ ഒ.രതീഷ്, ചെറുകിട ജലസേചനം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ടി.സഞ്ജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.രമേശന്‍, നവകേരള മിഷന്‍ ജില്ല കോഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ഡി.എഫ്.ഒ അഷറഫ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.എ.റോഷില, കെ.വിദ്യ, കെ.പി.റബിയത്ത്,
വകുപ്പ് തല ഉദ്യോഗസ്ഥര്‍, ചെമ്മനാട് പഞ്ചായത്ത്, ചെങ്കള പഞ്ചായത്ത്, മധൂര്‍ പഞ്ചായത്ത്, മഞ്ചേശ്വരം പഞ്ചായത്ത് എന്നിവിടങ്ങളിലെ പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.