പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം.മല്ലിക ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ നിന്ന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന 86 എസ്.ടി പ്രൊമോട്ടര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

കേരള നോളജ് ഇക്കോണമി മിഷനും പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവര്‍മെന്റ് സൊസൈറ്റി’യുമായി ചേര്‍ന്നാണ് ഉന്നതി തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. വിജ്ഞാന തൊഴില്‍ മേഖലയില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴില്‍ തത്പരരായ, 18നും 59നും ഇടയില്‍ പ്രായമുള്ള പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടികജാതി- പട്ടികവര്‍ഗ്ഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡന്‍ഷ്യല്‍ പരിശീലനത്തിലൂടെയോ ഓണ്‍ലൈന്‍ പരിശീലനത്തിലൂടെയോ തൊഴില്‍ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 2785 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരള നോളെജ് ഇക്കോണമി മിഷന്‍ അസി.സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൊബിലൈസേഷന്‍) ഡോ.എ.ശ്രീകാന്ത് വിഷയവതരണം നടത്തി. പരിപാടിയില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എ.ബാബു, പി.രാഗേഷ് എന്നിവര്‍ സംസാരിച്ചു.