കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറായ ഫിംസിൽ (ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്റ്റർ ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി തിരുവനന്തപുരം മേഖലാ ഓഫീസിൽ നിന്ന് അറിയിച്ചു. ഫിംസിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുളള മത്സ്യത്തൊഴിലാളികളും, അനുബന്ധതൊഴിലാളികളും, പെൻഷണർമാരും  ഡിസംബർ 31 നകം ഫിംസിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ നമ്പർ എന്നിവയുടെ പകർപ്പുകൾ  സഹിതം ഫിഷറീസ് ഓഫീസിൽ ബന്ധപ്പെടണം. തിരുവനന്തപുരം ജില്ലയിലെ പൂവാർ, പള്ളം, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട് പുത്തൻതോപ്പ്, കായിക്കര, ചിലക്കൂർ ഫിഷറീസ് ഓഫീസുകളിലും കൊല്ലം ജില്ലയിലെ മയ്യനാട്, തങ്കശ്ശേരി, നീണ്ടകര, ചെറിയഴീക്കൽ,  കുഴിത്തുറ കെ.എസ്.പുരം, പടപ്പക്കര ഫിഷറീസ് ഓഫീസുകളിലും, രേഖകൾ സമർപ്പിക്കണം.

ക്ഷേമനിധി ബോർഡ് പാസ്സ്ബുക്കിൽ 12 അക്ക FIMS ID നമ്പർ ലഭിച്ചവരും ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും ഫിംസിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയുടെയും ഫിഷറീസ് വകുപ്പും ക്ഷേമനിധി ബോർഡും നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ ക്ഷേമനിധി അംഗത്വമുളള എല്ലാ മത്സയത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷണർമാരും ഫിംസ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണമെന്നും റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു.