കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. പൊലിസ്, നഗരസഭ, ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ വിവിധയിടങ്ങളിലായി 17 ക്യാമറകള്‍ സ്ഥാപിക്കുന്നത്. നിയന്ത്രണമുറിയിലിരുന്നു 360 ഡിഗ്രി ചുറ്റളവില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നതും സൂം ഇന്‍ സംവിധാനങ്ങളുമുള്ള കാമറകളും ഉള്‍പ്പെടും. നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളില്‍ എച്ച്ഡി ക്വാളിറ്റിയിലുള്ള കളര്‍ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ക്യാമറകളും സ്ഥാപിക്കും. ട്രാന്‍സ്മിറ്റര്‍, വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും പൊലിസ് കണ്‍ട്രോള്‍ മുറിയിലേക്ക് നഗരക്കാഴ്ചകള്‍ എത്തുക. വീഡിയോകള്‍ 15 ദിവസത്തിലധികം സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കും. കാമറകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കമ്മീഷന്‍ ചെയ്യുന്നതോടെ മാനന്തവാടി നഗരത്തിന് മുഴുവന്‍ സമയവും കാമറ കണ്ണുകള്‍ സുരക്ഷയൊരുക്കും.
റോഡ് സേഫ്ടി ഫണ്ടില്‍നിന്നും എട്ടുലക്ഷത്തോളം രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനു ചെലവഴിക്കുന്നത്. മറ്റുചെലവുകള്‍ നഗരസഭ വഹിക്കും. നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനു സ്വകാര്യ സംരംഭകരുടെ സഹായം തേടും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം, പൊതുസ്ഥലങ്ങളിലെ മദ്യപാനം, മാവോവാദി സാന്നിധ്യം, വാഹനങ്ങളുടെ നിയമലംഘനങ്ങള്‍, രാത്രിയിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ കഴിയുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.