പ്രകൃതിക്ഷോഭത്തില്‍ ജില്ലയില്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ജൈവ വൈവിദ്ധ്യത്തിനുമുണ്ടായ ആഘാതത്തെകുറിച്ച് ജൈവവൈവിധ്യ ബോര്‍ഡ് പഠനം തുടങ്ങി. രൂക്ഷമായ കെടുതികളുണ്ടായ മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, തിരുനെല്ലി, എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലുമാണ് പഠനം.
മാനന്തവാടി നഗരസഭയിലെ പഠനം ഉരുള്‍പൊട്ടല്‍ ഉണ്ടായ മണിയന്‍കുന്നില്‍ ആംരഭിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി. ബിജു, ജൈവ വൈവിധ്യ ബോര്‍ഡ് പ്രൊജക്ട് ഫെലോ സി.എസ്. അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കില പരിശീലനം ലഭിച്ച ബാബു ഫിലിപ്പ്, ശരണ്യ, ജോസ്, കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസിലെ സുവോളജി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.