സംഗീതപ്രേമികളുടെ ആത്മാവില്‍ തൊട്ട് തൈക്കുടം ബ്രിഡ്ജ്. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ആദ്യദിനം ആസ്വാദക ഹൃദയങ്ങളിലേക്കു പെയ്തിറങ്ങി തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷയിൽ 2 മണിക്കൂറിൽ തീർത്ത സംഗീത സന്ധ്യ കാണികളിൽ ഉത്സവാവേശം നിറച്ചു. ഒമ്പത് ഗായകരും ആറ് വാദ്യ വിദഗ്ദ്ധരുമാണ് സംഗീത ലഹരി നിറച്ച് വേദി കീഴടക്കിയത്.
ഗോവിന്ദ് വസന്ത,മിഥുൻ രാജു, അനീഷ് ടി എൻ,വിയാൻ ഫെർണാണ്ടസ്, വിപിൻ ലാൽ, ക്രിസ്റ്റിൻ ജോസ്, അശോക് നെൽസൺ, പീതാംബരൻ മേനോൻ, രുത്തിൻ തേജ്, അനീഷ് കൃഷ്ണൻ, കൃഷ്ണാ ബൊങ്കാനെ, നിള മാധവ് മൊഹാപത്ര എന്നിവരാണ് സംഗീത നിശയിൽ അണിനിരന്നത്. കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ഇവർ സംഗീത രംഗത്ത് ചുവട് വെച്ചത്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് രൂപീകരിച്ചത്. 650 അധികം ഷോകൾ ഇതിനകം ചെയ്തു. 25 രാജ്യങ്ങളിലായി നൂറിൽ കൂടുതൽ അന്താരാഷ്ട്ര ഷോകളിലും ഇവർ നിറഞ്ഞു നിന്നു.