കോഴിക്കോട്‌ സൗത്ത് നിയോജകമണ്ഡലത്തിലെ മുഖദാർ ഫിഷ്‌ ലാന്റിംഗ്‌ സെന്റർ നിർമ്മാണ പ്രവൃത്തി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

സ്ഥായിയായ കടൽത്തീരം നിർമ്മിച്ചെടുക്കുന്നതിനും അതുവഴി മത്സ്യബന്ധന തോണികൾ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുന്നതിനും നിലവിലുള്ള ഗ്രോയിൻ ശക്തിപ്പെടുത്തുകയും നീളം കൂട്ടുകയും ചെയ്യുക, ലോക്കർ മുറികൾ, വല നെയ്യുന്നതിനുള്ള സൗകര്യങ്ങൾ, കോൺക്രീറ്റ് റോഡ്‌ നിർമ്മാണം, പള്ളിക്കണ്ടി, കല്ലായി പ്രദേശങ്ങളിലെ തോണികൾ കെട്ടിയിടാനുള്ള ഫ്ലോട്ടിംഗ്‌ ജെട്ടി എന്നിവയാണ്‌ പ്രവൃത്തിയിൽ ഉൾപ്പെടുക.

പദ്ധതി മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ നടപ്പാക്കുന്നത്‌. ആദ്യ ഘട്ട പ്രവൃത്തികൾ പത്ത് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള സാങ്കേതികാനുമതി നവംബർ 30ന് നൽകുകയും ടെണ്ടർ നടപടികൾ ഡിസംബർ 12ന് പൂർത്തീകരിക്കുകയും ചെയ്തു.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ്ദീപ് ടി റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ബീന ഫിലിപ്പ് വിശിഷ്ടാതിഥിയായി. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, കൗൺസിലർമാരായ മുഹ്സിന, ബിജുലാൽ, ജയശീല, കെ മൊയ്‌തീൻകോയ, എസ് കെ അബൂബക്കർ മുൻ ജില്ലാ പ്രസിഡന്റ് ബാബു പാറശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ മുഹമ്മദ് അൻസാരി സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനീത് എം പി നന്ദിയും പറഞ്ഞു.