ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശത്തുഴയെറിഞ്ഞ് റോവിങ് ഡെമോ. നാൽപത്തി രണ്ടാമത് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ ജേതാക്കളായ വിസ്മയ വടകരയും ഹിമ കോഴിക്കോടുമാണ് രണ്ടു പേർ തുഴയുന്ന റോവിങ് ഡെമോ പ്രകടനം കാണികൾക്കായി ഒരുക്കിയത്. ആലപ്പുഴ സായി സെന്റർ കയാക്കിങ് വിദ്യാർത്ഥികളാണ് ഇവർ. നീളൻ ബോട്ടിൽ രണ്ടു പേരായും ഒരാൾ മാത്രവുയുമാണ് റോവിങ് ഡെമോ നടത്തിയത്. ഇവർക്കൊപ്പം ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് കോച്ച് ബാബാജി റെയ്ത്തിയും ചേർന്നാണ് ബേപ്പൂരിലെ നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് മുൻപിൽ പ്രകടനം കാഴ്ചവെച്ചത്.

മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ റോവിങ് ഡെമോ പ്രകടനം നടത്തിയത്. പുറകോട്ട് തുഴയെറിഞ്ഞ് വിജയിക്കുന്ന എന്നാൽ കയാക്കിങ്ങിനോട്‌ സാദൃശ്യമുള്ള മത്സരയിനമാണ് റോവിങ്. മണിക്കൂറിൽ 15 കിലോമീറ്റർ വരെ തുഴയെറിയാൻ സാധിക്കുന്ന റോവിങ് ഒരു ഒളിമ്പിക്സ് മത്സര ഇനമാണ്.